ലണ്ടൻ: ഇന്ത്യയിൽനടന്ന അണ്ടർ 17 ലോകകപ്പ് ഫൈനലിൽ സ്പാനിഷ് താരം വംശീയ അധിക്ഷേപം നടത്തിയെന്ന ഇംഗ്ലണ്ട് താരം റയാൻ ബ്യ്രൂസ്റ്ററിന്റെ വെളിപ്പെടുത്തലിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. തന്റെ സഹതാരമായിരുന്ന മോർഗൻ ഗിബ്സ് വൈറ്റിനെ സ്പാനിഷ് താരം കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു റയാന്റെ വെളിപ്പെടുത്തൽ.
കോൽക്കത്തയിൽ 5-2 ന് ജയിച്ച് കിരീടം നേടിയ മത്സരത്തിലായിരുന്നു സ്പാനിഷ് താരത്തിന്റെ അധിക്ഷേപം ഉണ്ടായതെന്ന് റയാൻ പറയുന്നു. കരിയറിൽ താൻ ഏഴു തവണ വംശീയ അധിക്ഷേപത്തിനു വിധേയനായിട്ടുണ്ട്. ഇതിൽ അഞ്ചു തവണ കഴിഞ്ഞ ഏഴു മാസത്തിനിടെയാണ് സംഭവിച്ചതെന്നും അണ്ടർ 17 ലോകകപ്പിലെ ടോപ്സ്കോററായ റയാൻ പറയുന്നു.
കഴിഞ്ഞ ദിവസം ഗാർഡിയന് നൽകിയ അഭിമുഖത്തിലായിരുന്നു റയാന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ഫിഫ അറിയിച്ചു.