കേപ്ടൗണ്‍: ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായേക്കും. ജഡേജ വൈറൽ ഇൻഫെക്ഷനെ തുടർന്നു ചികിത്സയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. ജഡേജയെ ആശുപത്രിയിലേക്കു മാറ്റിയെന്ന റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ജഡേജയുടെ സെലക്ഷൻ സംബന്ധിച്ച കാര്യത്തിൽ ടെസ്റ്റിനു മുന്‍പ് മാത്രമേ തീരുമാനമെടുക്കൂ എന്നും ബിസിസിഐ അറിയിച്ചു.
അതേസമയം, പരിക്കിന്റെ ഭീതിയിലായിലുന്ന ഓപ്പണർ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. അദ്ദേഹം സെലക്ഷന് തയാറാണെന്ന് ബിസിസിഐ അറിയിച്ചു. കണങ്കാലിനേറ്റ പരിക്കാണ് ധവാനു ഭീഷണിയായത്. ഇതേതുടർന്ന് ധവാനെ ആദ്യ ടെസ്റ്റിൽനിന്ന് ധവാനെ ഒഴിവാക്കി കെ.എൽ.രാഹുലിനെ ഇറക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വന്നു.
വെള്ളിയാഴ്ചയാണ് പരന്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കേപ് ടൗണിൽ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണു സൂചന. തുടർച്ചയായ ഒന്‍പത് പരന്പര വിജയങ്ങൾക്കുശേഷമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.