സ്വന്തം ലേഖകൻ
തൃശൂർ: കലോത്സവ മാന്വൽ പരിഷ്കരണം, ഹരിതനയം, ഏഴിൽനിന്നും അഞ്ചായി വെട്ടിച്ചുരുക്കിയ കലോത്സവ ദിനങ്ങൾ എന്നിങ്ങനെ അടിമുടി മാറ്റങ്ങളും മാതൃകയുമായി എത്തുന്ന 58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും വേദികളുടെ അലങ്കാരപണികളും തകൃതിയായി മുന്നേറുകയാണ്.
സ്വർണക്കപ്പ് ഇന്നു തൃശൂരിൽ
കലോത്സവത്തിനു മണിക്കൂറുകൾ ശേഷിക്കേ, കോഴിക്കോടുനിന്ന് സ്വർണക്കപ്പ് ഇന്നു തൃശൂരിലെത്തും. ജില്ലാതിർത്തിയായ കടവല്ലൂരിലെ അന്പലം സ്റ്റോപ്പിൽ രാവിലെ 10ന് സ്വർണക്കപ്പ് നിലവിലെ ജേതാക്കളായ കോഴിക്കോടു ജില്ലയിൽനിന്നു സ്വീകരിക്കും.
മന്ത്രിമാരായ എ.സി.മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവർ ചേർന്നു പെരുന്പിലാവ് ടിഎംവിഎച്ച്എസ്എസിൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും. ശേഷം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. സ്വർണക്കപ്പ് 3.30നു പ്രധാന വേദിയായ നീർമാതളത്തിലെത്തും. തുടർന്ന്, സമാപന സമ്മേളന ചടങ്ങുവരെ ജില്ലാ ട്രഷറിയിൽ അതീവ സുരക്ഷയോടെ സൂക്ഷിക്കും.
250 ഓളം റോളിംഗ്, എവർ റോളിംഗ് ട്രോഫികൾ ഗവ. മോഡൽ ഗേൾഡ് സ്കൂളിലെ പ്രത്യേക പവലിയനിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രജിസ്ട്രേഷൻ പൂർത്തിയാവുന്നതോടെ എല്ലാ ട്രോഫികളും ജില്ലയിലെത്തും. എ ഗ്രേഡ് നേടുന്നവർക്കും വ്യക്തിഗത ട്രോഫികൾ നൽകും.
നീർമാതളം സമർപ്പണം ഇന്ന്
പ്രധാനവേദിയായ നീർമാതളത്തിന്റെ സമർപ്പണം ഇന്നുരാവിലെ 8.30നു നടക്കും. പന്തൽ കമ്മിറ്റി ചെയർമാൻ അനിൽ അക്കര എംഎൽഎ, മന്ത്രി വി.എസ്. സുനിൽകുമാറിനു കൈമാറും. തുടർന്ന് മന്ത്രി സി. രവീന്ദ്രനാഥ് കലോത്സവത്തിനായി വേദി സമർപ്പിക്കും. സ്വിച്ച് ഓണ്‍ കർമം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.
കലോത്സവം ഹരിത പ്രോട്ടോകോൾ അധിഷ്ഠിതമായി നടത്തുന്നതിന്റെ ഭാഗമായി ഇന്നുച്ചയ്ക്കു രണ്ടിന് തൃശൂർ സേക്രഡ് ഹാർട്ട് കോണ്‍വെന്റ് ജിഎച്ച്എസിൽ ബോധവത്കരണ പരിപാടി നടത്തും. ഹയർസെക്കൻഡറി അസാപ്പ് വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിക്കും.
കലോത്സവത്തിന്റെ ഭാഗമായ തൃശൂർ പൈതൃക വിളംബരജാഥ നാളെ വൈകീട്ട് മൂന്നിനു പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നിൽനിന്നാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ഐജി എം.ആർ. അജിത്കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.