മിഷിഗണ്‍: വിമാനത്തിൽ സമീപത്ത് യാത്ര ചെയ്ത യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ. യുഎസിൽ താത്കാലിക വീസയിൽ താമസിക്കുന്ന പ്രഭു രാമമൂർത്തിയാണ് അറസ്റ്റിലായത്.
ബുധനാഴ്ച ലാസ് വേഗസിൽനിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയർലൈൻസ് യാത്രയിലാണ് പ്രഭു സഹയാത്രികയായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതി ഉറങ്ങിയ സമയം യുവാവ് തന്റെ വസ്ത്രത്തിൽ കൈകടത്തുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്.
ഞെട്ടിയുണർന്ന യുവതി വിമാന ജീവനക്കാരോടു പരാതിപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മിഷിഗണ്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് മിഷിഗണ്‍ കോടതിയിൽ ഹാജരാക്കി.
സംഭവസമയത്ത് പ്രഭുവിന്റെ ഭാര്യയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇവരും യുഎസിൽ താത്കാലിക വീസയിലാണ് താമസിക്കുന്നത്.