പിറവം/ആന്പല്ലൂർ: മുളന്തുരുത്തിക്കടുത്ത് പെരുന്പിള്ളി പാണാർതോട്ടിൽ മുത്തശിയും പേരക്കുട്ടിയും മുങ്ങിമരിച്ചു. പെരുന്പിള്ളി പൂത്രമലയിൽ വാസുവിന്റെ ഭാര്യ അമ്മിണി (53), മകൻ സലിയുടെ മകൾ അമ്മു എന്നു വിളിക്കുന്ന ദിയ (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം.
വീടിനു സമീപത്തുള്ള പാണാർ തോട്ടിൽ വസ്ത്രങ്ങൾ കഴുകുന്നതിനായാണ് അമ്മിണി പേരക്കുട്ടിയുമായി വന്നത്. അമ്മിണി വസ്ത്രം കഴുകുന്ന സമയത്തു തോടിന്റെ തീരത്തു കളിക്കുകയായിരുന്ന കുട്ടി എങ്ങനെയോ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നീന്തൽ വശമില്ലാത്ത അമ്മിണിയും മുങ്ങിപ്പോവുകയായിരുന്നുവെന്നു കരുതുന്നു.
പശുവിനെ അഴിക്കാൻ പോയ സമീപവാസിയാണ് കുട്ടിയുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടത്. ഉടനെ ആളുകളെ വിളിച്ചുകൂട്ടിയപ്പോൾ അല്പം മാറി അമ്മിണിയുടെ മൃതദേഹവും കണ്ടെത്തി. അടുത്തയിടെ തോടിന്റെ ആഴം വർധിപ്പിച്ചിരുന്നു. മൃതദേഹങ്ങൾ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും.
വിശാഖപട്ടണത്ത് ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനായ സലി കുടുംബ സമേതം അവിടെയാണ് താമസം. ഭാര്യ ലിജയുടെ രണ്ടാമത്തെ പ്രസവത്തിനായി അടുത്തയിടെ നാട്ടിലേക്കു പോന്നിരുന്നു. ലിജയുടെ പ്രസവത്തിനുശേഷം സലി ഇന്നലെ പുലർച്ചെയാണു വിശാഖപട്ടണത്തേക്കു മടങ്ങിയത്.