തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എ ഗ്രേഡുകാർക്കു നല്‍കാനായി ഒരുങ്ങുന്നതു പന്ത്രണ്ടായിരം ട്രോഫികൾ. കുന്നംകുളത്തിനടുത്തു മറ്റത്തുള്ള ട്രിച്ചൂർ ട്രോഫീസ് ഫാക്ടറിയിലാണ് ഈ ട്രോഫികൾ തയാറാക്കുന്നത്. മരത്തിൽ നിർമിക്കുന്ന ട്രോഫികൾ കലോത്സവത്തിന്റെ ഹരിത നയം പൂർണമായും പാലിച്ചാണ് നിർമിക്കുന്നത്. ട്രോഫികളുമായി ആദ്യലോഡ് നാളെ തൃശൂരിലെത്തും.
രാവും പകലും തൊഴിലാളികൾ ട്രോഫി നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ്. കുടിൽവ്യവസായമായും ട്രോഫിനിർമാണ ജോലികൾ നടക്കുന്നുണ്ട്. കരകൗശലവിദഗ്ധരാണ് ട്രോഫികൾ നിർമിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
കോഴിക്കോട് കലോത്സവത്തിന് ആറായിരത്തോളം ട്രോഫികൾ നിർമിച്ചുകൊടുത്തതും കൊല്ലം കലോത്സവത്തിന് ആയിരത്തോളം ട്രോഫികൾ തയാറാക്കിയതും ട്രിച്ചൂർ ട്രോഫീസ് തന്നെയാണ്. സ്കൂൾ കലോത്സവത്തിനായി ഇത്രയും കൂടുതൽ ട്രോഫികൾ നിർമിക്കുന്നത് ഇതാദ്യമായാണ്.
എ ഗ്രേഡ് കിട്ടുന്ന എല്ലാ കുട്ടികൾക്കും ട്രോഫി നൽകാൻ കമ്മിറ്റിയെടുത്ത തീരുമാനപ്രകാരമാണ് പന്ത്രണ്ടായിരം ട്രോഫികൾ സ്റ്റോക്കു ചെയ്യാൻ തീരുമാനിച്ചതെന്നു ട്രോഫി കമ്മിറ്റി കണ്‍വീനർ എം.എ.സാദിഖ് പറഞ്ഞു.
ബി, സി ഗ്രേഡുകാർക്കു കൂടി ട്രോഫികൾ നൽകുന്ന കാര്യം ട്രോഫി കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. സ്പോണ്‍സർമാരെ കിട്ടുകയാണെങ്കിൽ എല്ലാ ഗ്രേഡുകാർക്കും ട്രോഫിയെന്ന അപൂർവ നേട്ടം ട്രോഫി കമ്മിറ്റിക്കു സ്വന്തമാക്കാനാകും.
പന്ത്രണ്ടായിരം ട്രോഫികൾക്ക് 12 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. സാംസ്കാരിക സ്കോളർഷിപ്പിനും സർട്ടിഫിക്കറ്റിനും പുറമെ വ്യക്തിഗത ട്രോഫി കൂടി കിട്ടുന്നതു മത്സരാർഥികൾക്ക് എന്നെന്നും ഓർത്തുവയ്ക്കാനുള്ള നല്ലൊരു സമ്മാനം കൂടിയാവുകയാണ്.