കറാച്ചി: വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിന്റെ പേരിൽ വധൂവരൻമാരെ വെടിവച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദുരഭിമാനക്കൊലയുടെ കണ്ണിയിലെ അവസാന സംഭവം.
നസീറൻ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരൻ ഷാഹിദും നഗരത്തിൽവച്ച് സംസാരിക്കുന്നതു കണ്ട ബന്ധു ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാണ് കൊലപാതകങ്ങൾ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവനായ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എക്സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിൽ കഴിഞ്ഞ പത്തു വർഷമായി ഒരു വർഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ഇവയിൽ മിക്കവയും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ഇത് ലഭിച്ച കണക്കുകളേക്കാൾ അധികം വരുമെന്നും റിപ്പോർട്ട് പറയുന്നു.