സാജു നവോദയ എന്ന പേര് എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. എന്നാല്‍ പാഷണം ഷാജിയെ അറിയാത്തവര്‍ കുറവ്. മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ഇപ്പോള്‍ സാജു. മമ്മൂട്ടിയുമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആദ്യത്തെ നിമിഷങ്ങളും അദേഹം പങ്കുവയ്ക്കുന്നു. ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിന്റെ സെറ്റില്‍വച്ച് മമ്മുക്ക പറഞ്ഞ നര്‍മ്മം ഞാനിപ്പോഴും ഓര്‍ത്തുവച്ചിട്ടുണ്ട്. ആ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മമ്മുക്കയാണ് എന്നെ സിദ്ദിഖ് ഇക്കായ്ക്ക് പരിചയപ്പെടുത്തിയത്. ഇത് പാഷാണം ഷാജി. എന്റെ കൂടെ പത്തേമാരിയില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ ചിലപ്പോള്‍ എന്നെ മറന്നിട്ടുണ്ടാകും. പക്ഷേ, ഞാനോര്‍മ്മിക്കുന്നുണ്ട്.- മമ്മുക്കയുടെ ഈ തമാശ ഞാനിടയ്‌ക്കെല്ലാം ഓര്‍ത്തുചിരിക്കാറുണ്ട്.
പത്തേമാരിയില്‍ മമ്മുക്കയും ഒരുമിച്ചുള്ള സീനില്‍ ഞാന്‍ ഡയലോഗ് പറഞ്ഞുതുടങ്ങിയപ്പോള്‍ വലിയ ശബ്ദമായിപ്പോയി. അതുകണ്ടിട്ട് മമ്മുക്ക എന്നെ അടുത്തേക്ക് വിളിച്ചിട്ടുപറഞ്ഞു. ഇങ്ങനെ കിടന്ന് അലറണ്ട. ഇത് സ്റ്റേജല്ല. സിനിമയാണ്. ഞാന്‍ പറഞ്ഞത് മനസ്സിലായോ? മമ്മുക്ക ഇങ്ങനെ പറഞ്ഞുതന്നപ്പോഴാണ് സത്യം പറഞ്ഞാല്‍ സ്റ്റേജും സിനിമയും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലായത്. അതിനുശേഷം മമ്മുക്കയോടൊപ്പം ‘ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന സിനിമയിലും അഭിനയിച്ചു. അപ്പോഴും ഇതുപോലെ പല നല്ല കാര്യങ്ങളും മമ്മുക്ക എന്നോട് പറഞ്ഞുതന്നിരുന്നു
ആ സിനിമയുടെ പ്രമോഷനുവേണ്ടി ചാനലില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ സംവിധായകന്‍ സിദ്ദിഖ് ഇക്ക അദ്ദേഹത്തിന്റെ സിനിമയില്‍ വേഷം തന്നതില്‍ നന്ദിയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ ഷോട്ട് കട്ട് ചെയ്തുകഴിഞ്ഞിട്ട് മമ്മുക്ക പറഞ്ഞു. ഭാസ്‌ക്കര്‍ ദി റാസ്‌ക്കലില്‍ സിദ്ദിഖാണ് നിനക്ക് വേഷം തന്നതെന്ന് നിന്നോട് ആരാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞിട്ടാണ് സിദ്ദിഖ് നിനക്ക് റോള്‍ തന്നത് അറിയാമോ. മമ്മൂക്കായോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെനിക്ക്.