മതംമാറിയ അഖിലയെന്ന ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിവു ലഭിച്ചതായി എന്‍ഐഎ. കണ്ണൂര്‍ കനകമലയില്‍ യോഗം ചേര്‍ന്ന പ്രതികളെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യും. തിങ്കളാഴ്ച വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. ഇതാണ് ഷെഫിന് കുരുക്കായിരിക്കുന്നത്.
രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലന്‍ (ആമു), തിരൂര്‍ സാഫ്വാന്‍, കുറ്റ്യാടി എന്‍.കെ. ജാസിം, കോഴിക്കോട് സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.