കേപ്ടൗണ്‍: ബൗളര്‍മാര്‍ വല്ലപ്പോഴും നല്കുന്ന സുന്ദര തുടക്കം. ഞെട്ടിയ ദക്ഷിണാഫ്രിക്ക പരന്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ചെറിയ സ്കോറില്‍ ഒതുങ്ങുകയും ചെയ്തു. എന്നിട്ടും ആദ്യ ദിനം പിന്നിടുമ്പോള്‍ ന്യൂലാന്‍ഡ്സിലെ പറക്കും പിച്ചില്‍ ഇന്ത്യ ബാക്ഫൂട്ടില്‍.
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 28 റണ്‍സെന്ന നിലയിലാണ്. ഭുവനേശ്വര്‍ കുമാറും കൂട്ടരും ദക്ഷിണാഫ്രിക്കയെ 286ല്‍ ഒതുക്കിയശേഷമായിരുന്നു ബാറ്റ്സ്മാന്മാരുടെ കൈവിട്ട കളി. സ്കോര്‍: ദക്ഷിണാഫ്രിക്ക 286, ഇന്ത്യ മൂന്നിന് 28.
400 റണ്‍സാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ കോഹ്ലിക്കും സംഘത്തിനുമായി. പക്ഷേ സൂര്യാസ്തമയത്തിന് മുമ്പ് ബാറ്റ് ചെയ്യാന്‍ കിട്ടിയ ഒരു മണിക്കൂര്‍ ഇന്ത്യയെ പിന്നോട്ടടിച്ചു. മുരളി വിജയ് (1) ആണ് പവലിയന് യാത്രയ്ക്ക് തുടക്കമിട്ടത്.
വെറോണ്‍ ഫിലാന്‍ഡറുടെ പന്തില്‍ ഡീന്‍ എല്‍ഗര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. കൂട്ടുകാരന് മടങ്ങിയതോടെ ശിഖര്‍ ധവാനും പിന്നാലെ മടങ്ങി. 13 പന്തില്‍ 16 റണ്‍സെടുത്ത് ഏകദിന ശൈലിയില്‍ മുന്നേറുന്നതിനിടെ ഡെയ്ല്‍ സ്റ്റെയ്ന് റിട്ടേണ്‍ ക്യാച്ച്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ എക്സ്പ്രസ് ബൗളറുടെ ആദ്യ വിക്കറ്റ്.
വിരാട് കോഹ്ലിയെ (5) പറഞ്ഞുവിട്ട് മോര്‍ണി മോര്‍ക്കലും ആഘോഷത്തില്‍ പങ്കുചേര്‍ന്നതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലായി. കളി നിര്‍ത്തുമ്പോള്‍ രോഹിത് ശര്‍മയും (പൂജ്യം) ചേതേശ്വര്‍ പൂജാരയുമാണ് (5) ക്രീസില്‍. ഇന്ന് രാവിലത്തെ സെക്ഷനില്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചില്ലെങ്കില്‍ ടെസ്റ്റിന്റെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടമാകും.
നേരത്തെ സ്വപ്നതുല്യമായ തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ പുറത്ത്. വിശ്വസ്തനായ ഓപ്പണര്‍ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ അക്കൗണ്ട് ശൂന്യമായിരുന്നു. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയപ്പോള്‍ ഭുവി വീണ്ടും ആതിഥേയര്‍ക്ക് പ്രഹരമേല്പിച്ചു. ഇത്തവണ വീണത് അയ്ഡന്‍ മാര്‍ക്രം.
11 പന്തില്‍ അഞ്ചു റണ്‍സെടുത്ത യുവ ഓപ്പണര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഏഴു റണ്‍സെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്കാണോ എന്ന തോന്നലുളവാക്കി വിശ്വസ്തനായ ഹഷിം അംലയും തൊട്ടുപിന്നാലെ പുറത്ത്. ഭുവനേശ്വറിന്റെ പന്തില്‍ സാഹയ്ക്ക് പിടികൊടുത്താണ് മൂന്നു റണ്‍സെടുത്ത അംല പുറത്തായത്. സ്കോര്‍ മൂന്നിന് 12.
കടന്നാക്രമണം തന്നെ ഏറ്റവും നല്ല പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലിസിസും എ.ബി. ഡിവില്യേഴ്സും ബാറ്റു വീശിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു തുടങ്ങി. ഡിവില്യേഴ്സായിരുന്നു കൂടുതല്‍ അപകടകാരി. ബൗണ്ടറികളിലൂടെ എബിഡി അതിവേഗം സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ പക്വതയാര്‍ന്ന ഇന്നിംഗ്സാണ് ഡുപ്ലിസിസില് നിന്നുണ്ടായത്.
ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 107 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. കളി പുനരാരംഭിച്ചപ്പോള്‍ അരങ്ങേറ്റക്കാര്‍ ജസ്പ്രീത് ബുംറയ്ക്ക് കന്നി വിക്കറ്റ് സമ്മാനിച്ച് ഡിവില്യേഴ്സ് മടങ്ങി. 84 പന്തില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെടെ 65 റണ്‍സായിരുന്നു മുന്‍ ക്യാപ്റ്റന്റെ സമ്പാദ്യം.
ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ കളിയിലേക്ക് പതിയെയെങ്കിലും ശക്തമായി തിരിച്ചുവരുന്ന ദക്ഷിണാഫ്രിക്കയെ ആണ് 62 റണ്‍സെടുത്ത ഡുപ്ലിസിസ് പുറത്തായശേഷം കണ്ടത്. 40 പന്തില്‍ 43 റണ്‍സുമായി ക്വന്റണ്‍ ഡികോക്കും വെറോണ്‍ ഫിലാന്‍ഡറും (23) ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 60 റണ്‍സ്.
വാലറ്റത്ത് ഇന്ത്യന്‍ വംശജന് കേശവ് മഹാരാജും (35) കഗിസോ റബാഡയും (26) പ്രതിരോധിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ ആഫ്രിക്കക്കാര്‍ക്കായി. അവസാന വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക കൂട്ടിച്ചേര്‍ത്ത റണ്‍സുകള്‍ എത്രത്തോളം കളിയില്‍ നിര്‍ണായകമാകുമെന്ന് വരുംദിവസങ്ങളില്‍ അറിയാം.
ദക്ഷിണാഫ്രിക്ക
ബാറ്റിംഗ്: എല്‍ഗര്‍ സി സാഹ ബി ഭുവനേശ്വര്‍ പൂജ്യം, മാര്‍ക്രം എല്‍ബിഡബ്ല്യു ഭുവനേശ്വര്‍ 5, അംല സി സാഹ ബി ഭുവനേശ്വര്‍ 3, ഡിവില്യേഴ്സ് ബി ബുംറ 65, ഡുപ്ലിസിസ് സി സാഹ ബി പാണ്ഡ്യ 62, ക്വന്റണ്‍ ഡികോക്ക് സി സാഹ ബി ഭുവനേശ്വര്‍ 43, ഫിലാന്‍ഡര്‍ ബി ഷമി 23, മഹാരാജ് റണ്ണൗട്ട് 35, റബാഡ സി സാഹ ബി അശ്വിന് 26 സ്റ്റെയ്ന് നോട്ടൗട്ട് 16, മോര്‍ക്കല്‍ എല്‍ബിഡബ്ല്യു ബി അശ്വിന് 2, എക്സ്ട്രാസ് 6, ആകെ 73.1 ഓവറില്‍ 286ന് എല്ലാവരും പുറത്ത്
ബൗളിംഗ്: ഭുവനേശ്വര്‍ 19-4-87-4, ഷാമി 16-6-47-1, ബുംറ 19-1-73-1, പാണ്ഡ്യ 12-1-53-1, അശ്വിന് 7.1-1-21-2
ഇന്ത്യ
ബാറ്റിംഗ്: വിജയ് സി എല്‍ഗര്‍ ബി ഫിലാന്‍ഡര്‍ 1, ധവാന് 16 സിആന്‍ഡ്ബി സ്റ്റെയ്ന്, കോഹ്ലി സി ഡികോക്ക് ബി മോര്‍ക്കല്‍ 5, പൂജാര നോട്ടൗട്ട് 5, രോഹിത് നോട്ടൗട്ട് പൂജ്യം. എക്സ്ട്രാസ് 1, ആകെ 11 ഓവറില്‍ മൂന്നിന് 28
ബൗളിംഗ്: ഫിലാന്‍ഡര്‍ 4-1-13-1, സ്റ്റെയ്ന് 4-1-13-1, മോര്‍ക്കല്‍ 2-2-0-1, റബാഡ 1-0-1-0