ന്യൂഡൽഹി: പദ്മാവതി റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് രജപുത് കർണിസേന. പദ്മാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെൻസർ ബോർഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്നും സിനിമ റിലീസ് ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ സെൻസർ ബോർഡും കേന്ദ്രസർക്കാറും തയാറാവണമെന്നും കർണിസേന മുന്നറിയിപ്പ് നൽകി.
പദ്മാവതി റിലീസ് ചെയ്താൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് സെൻസർ ബോർഡും ബിജെപി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കർണിസേനയുടെ ദേശീയ പ്രസിഡൻറ് സുഖ്ദേവ് സിംഗ് ഗോഗമേദി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കർണിസേനയുടെ നിലപാട്.
നോട്ടു നിരോധന സമയത്തായിരുന്നു ചിത്രത്തിന്റെ നിർമാണം നടന്നത്. വിയകോം18 മോഷൻ പിക്ചേഴ്സ് എന്ന വിദേശ കന്പനിയാണ് ചിത്രം 160-180 കോടി രൂപ ചെലവിൽ നിർമിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്യണമെന്നും ഗോഗമേദി ആവശ്യപ്പെട്ടു.
സെൻസർ ബോർഡ് സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നും മറ്റു ചിലമാറ്റങ്ങൾ വരുത്തണമെന്നും ഡിസംബർ 28ന് ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങൾ വരുത്തിയാൽ യു/എ സർട്ടിഫിക്കറ്റ് നൽകാമെന്നും സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നും 26 രംഗങ്ങൾ വെട്ടിമാറ്റണമെന്നുമാണു നിബന്ധന.
നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നു ബോർഡ് അറിയിച്ചു. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ടു തവണ എഴുതിക്കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള വിവാദ രംഗങ്ങൾ കുറയ്ക്കണമെന്നും നിർദേശിച്ചു. നിർദേശങ്ങളെല്ലാം പാലിച്ച് ചിത്രം പ്രദർശിപ്പിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി വ്യക്തമാക്കിയിരുന്നു.
ചിത്രം നേരത്തെ ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സംഘപരിവാർ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെത്തുടർന്ന് റിലീസിഗ് തീയതി മാറ്റി വയ്ക്കുകയായിരുന്നു. പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.