നൗഷാദ് മാങ്കാംകുഴി
കായംകുളം: തെരുവോര ചുവരുകളെ കാൻവാസാക്കി ചിത്ര രചനയിൽ വിസ്മയം തീർക്കുകയാണ് രാജു എന്ന കലാകാരൻ .തിരുവനന്തപുരം നെടുമങ്ങാട് ഉഴമലക്കൽ സ്വദേശിയായ രാജു (62 )ആണ് ചുമരുകളിൽ നിമിഷനേരം കൊണ്ട് മനോഹര ചിത്രം തീർത്ത് വിസ്മയമാകുന്നത്.
കായംകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന് കിഴക്കുവശമുള്ള ഓട്ടോസ്റ്റാൻഡിനോട് ചേർന്നുള്ള സിവിൽ സ്റ്റേഷൻ മതിലിലായിരുന്നു ഇന്നലെ രാജുവിന്റെ ചിത്രരചന. നിമിഷ നേരം കൊണ്ട് കലാഭവൻ മണിയുൾപ്പെടെയുള്ള കലാകാരൻമാരുടെ ചിത്രങ്ങളും,പ്രകൃതി ഭംഗിയുമൊക്കെ ചുമരിലെ കാൻവാസിൽ മാനോഹരമായി വരച്ചുതീർത്തു. കാഴ്ചക്കാർക്ക് ഇത് മനോഹര ചിത്രങ്ങളാണെങ്കിൽ രാജുവിന് ഈ ചിത്രങ്ങൾ ഉപജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്.
രാജുവിന്റെ തെരുവോര ചിത്രരചന തുടങ്ങിയിട്ട് അന്പത് വർഷത്തിലേറെയായി. പത്തുവയസുള്ളപ്പോൾ തുടങ്ങിയതാണ് ഈ ചിത്രരചന. ചിത്രം കാണാനെത്തുന്ന കാഴ്ചക്കാർ നൽകുന്ന സംഭാവനകളാണ് രാജുവിന്റെ ഉപജീവനമാർഗം.ഭാര്യയും മകനും കൊച്ചുമക്കളും അടങ്ങുന്നതാണ് രാജുവിന്റെ കുടുംബം. മരപ്പണിക്കാരനാണ് മകൻ.
തന്റെ ജീവിതം കൂടുതലും തെരുവോരങ്ങളിലാണെന്ന് പറയുന്ന ഈ കലാകാരൻ വിശേഷ ദിവസങ്ങളിൽ മാത്രമേ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ.ചിത്രം വരയ്ക്കാൻ തെരഞ്ഞെടുക്കുന്ന ചുമരുകളുടെ വശങ്ങളിൽ കിളിർത്ത് നിൽക്കുന്ന പാഴ് ചെടികളും, കരിക്കട്ടയും, പല നിറങ്ങളിലുള്ള ചോക്കും ഉപയോഗിച്ചാണ് രാജുവിന്റെ ചിത്രരചന എന്നതും ശ്രദ്ധേയമാണ്.
കേരളം,തമിഴ്നാട്,കർണാടക ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നഗരങ്ങളിലും, തെരുവോര ചുമരുകളിലും ഇദ്ദേഹം നിരവധി മനോഹര ചിത്രങ്ങൾ വരച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട്. മുന്പും നിരവധി തവണ രാജു കായംകുളത്ത് ചിത്രരചനയ്ക്കെത്തിയിട്ടുണ്ട്. ചിത്രരചന നേരിൽ കാണാനും ചിത്രങ്ങൾ കാണാനും നിരവധിപേരാണ് ചുമരിന് ചുറ്റും എത്തുന്നത് .