നാദാപുരം: കേരള മനഃസാക്ഷിയെ പിടിച്ചുലച്ച ജിഷ്ണു പ്രണോയുടെ നോവുന്ന ഓർമകൾക്ക് ഇന്ന് ഒരു വർഷം തികയുന്നു. പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയുടെ ഓർമ പുതുക്കാൻ ഇന്ന് സഹപാഠികളും, ബന്ധുക്കളും, നാട്ടുകാരും ഒത്തുചേരും.
കഴിഞ്ഞ വർഷം ജനുവരി ആറിന് രാത്രിയാണ് കിണറുള്ള പറന്പത്ത് അശോകൻ, മഹിജ ദന്പതികളുടെ ഏക മകൻ ജിഷ്ണുവിന്റെ മരണ വിവരം ഹോസ്റ്റൽ വാർഡൻ മഹിജയെ വിളിച്ചറിയിക്കുന്നത്. പഠനത്തിൽ മിടുക്കനായ മകനെ എൻജിനിയർ ആക്കണമെന്ന് മോഹിച്ച രക്ഷിതാക്കൾക്ക് ജീവനറ്റ മകനെയാണ് കാണാൻ കഴിഞ്ഞത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ വിവാദങ്ങൾക്ക് തിരികൊളുത്തുകയായി.
പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ചാണ് കോളജ് അധികൃതർ ജിഷ്ണുവിനെ പീഡിപ്പിച്ചത്. വിദ്യാർഥിയുടെ മൃതദേഹത്തിൽ ക്രൂരമായ പീഡനത്തിന്റെ പാടുകൾ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചില്ല.
എഫ്ഐആറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അട്ടിമറിക്കുകയും കേസ് തേച്ചുമാച്ച് കളയാൻ വ്യാപകമായ ശ്രമങ്ങളും നടന്നു. പീഡനത്തിന്റെ ശക്തമായ തെളിവുകളുമായി ബന്ധുക്കളും, മാധ്യമങ്ങളും രംഗത്തെത്തിയതോടെ കോളജ് അധികൃതർക്ക് ഉത്തരം മുട്ടി. ലോക്കൽ പോലീസിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് എഎസ്പി കിരണ്‍ നാരായണനും സംഘവും ഏറ്റെടുത്തതോടെ വ്യാജ ആത്മഹത്യാ കുറിപ്പ് ചമച്ച് കേസിനെ വഴിതിരിച്ച് വിടാൻ ശ്രമം ഉണ്ടായി.
കുറ്റക്കാരെന്ന് പറഞ്ഞ് കോളജ് ചെയർമാൻ പി. കൃഷ്ണദാസ്, അധ്യാപകരായ സി.പി. പ്രവീണ്‍ , വൈസ് പ്രിൻസിപ്പൽ ശക്തിവേൽ എന്നിവർ ഉൾപ്പെടെ നാല് പേരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കോളജ് ചെയർമാനും പ്രതിയാക്കപ്പെട്ടതോടെ സമാനതകളില്ലാത്ത കേസായി ജിഷ്ണു കേസ് മാറുകയായിരുന്നു.
ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റീസിനടക്കം ബന്ധുക്കൾ പരാതി നൽകി. കമ്യൂണിസ്റ്റ് സഹയാത്രികരായ ജിഷ്ണുവിന്റെ കുടുംബത്തെ പാർട്ടിയിലെ ഒരു വിഭാഗം തഴഞ്ഞതോടെ മാതാപിതാക്കളോടൊപ്പം നീതിക്കായി കേരളീയ സമൂഹം അണിനിരക്കുകയായിരുന്നു.
അമ്മ മഹിജയെ തിരുവനന്തപുരത്ത് ഡിജിപി ഓഫീസ് സമരത്തിനിടയിൽ പോലീസ് റോഡിലിട്ട് വലിച്ചിഴച്ചത് പിണറായി സർക്കാരിനെ വെട്ടിലാക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം സമരത്തിന് പിന്തുണയുമായി വളയത്തെത്തിയപ്പോൾ മുഖ്യമന്ത്രി മാത്രം എത്താതിരുന്നതും ചർച്ചയായി.
ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തിയ നിരാഹാര സമരവും ശ്രദ്ധേയമായി. ക്രൈംബ്രാഞ്ച് അന്വേഷണുവും ഇഴഞ്ഞ് നീങ്ങിയതോടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കേസന്വേഷണം സിബിഐയ്ക്ക് വിട്ട് കോടതി ഉത്തരവിടുകയായിരുന്നു.
ഒന്നാം ചരമ ദിനത്തിൽ വിപുലമായ പരിപാടികളാണ് കുടുംബം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നു രാവിലെ വീട്ടിൽ ജിഷ്ണുവിന്റെ സഹപാഠികളും ബന്ധുക്കളും ഒത്തുകൂടും.ജിഷ്ണുവിന്റെ ഓർമയ്ക്കായി വീടിന് മുന്നിൽ അച്ഛൻ പണി കഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിക്കും. പ്രശസ്ത ചിത്രകാരൻ സത്യൻ നീലിമ വരച്ച ഛായാ ചിത്രം ചടങ്ങിൽ വീട്ടുകാർക്ക് കൈമാറും.