റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കഴിഞ്ഞ ഡിസംബർ 23നു കേസിൽ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നു മൂന്നു തവണയാണ് കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചത്.
ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസിൽ കോടതി വെറുതെവിട്ടു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്.
മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസുകളാണ് ലാലുവിനും കൂട്ടർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പല ട്രഷറിയിൽ നിന്നും പല തവണയായാണ് ഇവർ പണം പിൻവലിച്ചത്.
2013ൽ ആദ്യ കുംഭകോണക്കേസിൽ ലാലുവിന് അഞ്ചു വർഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.