ഫ്രാങ്ക്ഫർട്ട്: പ്രതിജ്ഞ ഒപ്പുവച്ചാൽ മാത്രം സന്ദർശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപാണ് പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പലാവു. വെറും ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യയുള്ള ഇവിടേയ്ക്കു വരാൻ സന്ദർശകർ ഒരു പ്രതിജ്ഞയിൽ ഒപ്പു വയ്ക്കണം എന്നതാണ് ഏറെ രസകരം.
സന്ദർശകർ അവരുടെ പാസ്പോർട്ടിനൊപ്പം ദ്വീപിന്‍റെ പാരിസ്ഥിതിക്ക് കോട്ടംതട്ടുന്ന യാതൊരു നടപടിക്കും മുതിരരുതെന്ന സത്യവാങ് മൂലം നൽകണം. സന്ദർശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റവും പാരിസ്ഥിതികമായി ദ്വീപിനുണ്ടാക്കിയ ആഘാതമാണ് തീരുമാനത്തിനു പിന്നിൽ.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താൽ സന്ദർശകർക്ക് വലിയ തുക പിഴ ഒടുക്കേണ്ടി വരും. ഉദാഹരണമായി ഒരു സ്രാവിനെ ഉപദ്രവിച്ചാൽ 10 ലക്ഷം ഡോളർ പിഴ ചുമത്തും. പലാവുവിലെ മറൈൻ സാംക്ച്വറി ലോക പ്രശസ്തമാണ്.
പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാന്പയിനു പിന്നിൽ. സർക്കാർ ഏജൻസികളുമായി ചേർന്നു ഈ നിബന്ധന മുന്നോട്ടു കൊണ്ടുപോകുന്നു. പ്രതിജ്ഞ ലംഘിച്ചാൽ കർശനശിക്ഷ ലഭിച്ചിരിക്കും.
റിപ്പോർട്ട്: ജോർജ് ജോണ്‍