നെടുങ്കണ്ടം: വിദ്യാഭ്യാസ വായ്പ നൽകാമെന്ന ബാങ്കിന്റെ ഉറപ്പിൻമേൽ പിജി കോഴ്സിനു ചേർന്ന വിദ്യാർഥിനിയുടെ പഠനം നിലച്ചു. രാമക്കൽമേട് വെട്ടിക്കൽ രാജന്റെ മകൾ അഖിലയുടെ തുടർപഠനമാണ് നെടുങ്കണ്ടം യൂണിയൻ ബാങ്ക് അധികൃതരുടെ നിലപാടുമൂലം നിലച്ചത്.
ഡിഗ്രി പഠനത്തിനുശേഷം എംസിഎ കോഴ്സിനു ചേരാനാഗ്രഹിച്ച അഖില വായ്പയ്ക്കായി എസ്ബിഐ തൂക്കുപാലം, കൂട്ടാർ ശാഖകളെ സമീപിച്ചെങ്കിലും നെടുങ്കണ്ടം പഞ്ചായത്ത് തങ്ങളുടെ പരിധിയിലല്ലെന്ന കാരണംനിരത്തി ഇവരെ മടക്കിയയച്ചു. പിന്നീട് നെടുങ്കണ്ടം യൂണിയൻ ബാങ്കിലെത്തി വായ്പയ്ക്ക് അപേക്ഷ നൽകുകയായിരുന്നു.
മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട ഇവർക്ക് രണ്ടരലക്ഷം രൂപ നൽകാമെന്ന് അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ചേർത്തല കെ.വി.എം കോളജിൽ അഡ്മിഷൻ എടുത്തു. പിന്നീട് പലതവണ ബാങ്കിലെത്തിയ മാതാപിതാക്കളോട് തുക കുറച്ചുനൽകാമെന്ന് അറിയിച്ചു.
ഏറ്റവുമൊടുവിൽ വായ്പ നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. വായ്പയുടെ ആവശ്യത്തിനായി പലതവണ ബാങ്കിലെത്തിയ തങ്ങളോട് ഉദ്യോഗസ്ഥർ പരുഷമായി പെരുമാറിയതായും അപമാനിച്ചതായും അഖിലയുടെ മാതാപിതാക്കൾ പറഞ്ഞു.
അഖിലയുടെ ആദ്യ സെമസ്റ്റർ പരീക്ഷ പൂർത്തിയാകുകയും ചെയ്തു. രണ്ടാം സെമസ്റ്ററിൽ ക്ലാസിൽ എത്തണമെങ്കിൽ ഫീസ് അടയ്ക്കണമെന്നാണ് കോളജ് അധികൃതർ പറഞ്ഞത്. ഇതു കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മാതാപിതാക്കൾ. പത്തുസെന്റ് സ്ഥലം മാത്രമുള്ള കുടുംബത്തിന്റെ ഏക വരുമാനമാർഗം രാജന്റെ ഡ്രൈവിംഗ് ജോലിയാണ്.
ഇളയകുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ഈ വരുമാനത്തിൽനിന്ന് ജീവിത ചെലവുകളും വിദ്യാഭ്യാസ ചെലവുകളും കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്പോഴാണ് ബാങ്കിന്റെ ക്രൂരതമൂലം മൂത്തകുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നത്. ബാങ്കിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും രാജൻ പറഞ്ഞു.