കാട്ടാക്കട: ഇന്നലെ സ്റ്റേഷനിലേക്കു വന്ന ഫോൺകോളുകൾ കാട്ടാക്കട പോലീസിനെ തെല്ലൊന്നുമല്ല വട്ടം ചുറ്റിച്ചത്. കാട്ടാക്കട കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂളിലെ നാല് കുട്ടികളെ കാണാനില്ല എന്ന പരാതിയാണ് രാവിലെ ഫോൺകോളിലൂടെ പോലീസിനെ തേടിയെത്തിയത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കൂളിലെത്തിയെന്നും അവരുടെ ബാഗ് സ്കുളിൽ ഉണ്ടെന്നും എന്നാൽ കുട്ടികളെ കാണാനില്ലെന്നുമായിരുന്നു സ്കൂളിൽ നിന്നും സ്റ്റേഷനിലേക്ക് എത്തിയ വിവരം. സ്കൂൾ കൂട്ടികളെ തട്ടികൊണ്ടുപോയതാണോ, അവർ ഒളിച്ചോടിയതാണോ, അതോ അപകടത്തിൽപ്പെട്ടതാണോ എന്ന സംശയത്തിലായി അധ്യാപകരം രക്ഷകർത്താക്കളും നാട്ടുകാരും.
ഫോൺവന്ന ഉടനെ തന്നെ പോലീസ് സ്കൂളിലെത്തി. കുട്ടികളുടെ ബാഗും മറ്റും പരിശോധിച്ചു. സ്കൂളിലും പരിസരത്തും തെരച്ചിൽ നടത്തി. സഹപാഠികളെ ചോദ്യം ചെയ്തു. അതിനിടെ നാട്ടുകാരും സ്കൂൾ പിടിഎ ഭാരവാഹികളും പോലീസിനെതിരെ തിരിഞ്ഞു. കാട്ടാക്കട പോലീസ് ഓഫ് ഇൻസ്പെക്ടർ വിജയരാഘവൻ കുട്ടികൾ പോകാൻ ഇടയുള്ള ഇടങ്ങളിലെല്ലാം അന്വേഷിക്കാൻ നിർദേശം നൽകി. ഉച്ചയായിട്ടും കുട്ടികളെ കണ്ടെത്താനാവാതായതോടെ സ്റ്റേഷൻ ഡ്യൂട്ടി ഒഴിവാക്കി പോലീസുകാർ എല്ലായിടത്തും തെരച്ചിൽ ശക്തമാക്കി.
ഇതിനിടെയാണ് കുട്ടികൾ കളിക്കളത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോൾ സംഭവം സത്യം തന്നെ. കുട്ടികളെ കണ്ടെത്തി. സ്കൂളിൽ ഹാജർ വച്ച ശേഷം മതിൽ ചാടിക്കടന്നാണ് ഇവർ പുറത്തെത്തിയത്. അവിടെ നിന്നും കളിക്കാൻ പോയി.
പലപ്പോഴും തങ്ങൾ ഇങ്ങനെ സ്കൂളിൽ നിന്നും ചാടാറുണ്ടെന്ന് ഇവർ സമ്മതിച്ചു. അങ്ങനെ പോലീസിനെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ച കഥയ്ക്ക് സമാപ്തിയായി. സ്കൂളിൽ നിന്നും ഇങ്ങനെ ചാടുന്ന വിദ്യാർഥികൾ പലപ്പോളും ലഹരിക്കും മറ്റും അടിമയായി മാറുന്നുവെന്നും വിമർശനമുണ്ട്.