താന്‍ എന്ത് പറഞ്ഞാലും അതിനെ ട്രോളെന്ന പേരില്‍ വളച്ചൊടിച്ച് അപമാനിക്കുന്ന പ്രവണതയില്‍ മനം മടുത്തെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഒരു ന്യൂസ് ചാനല്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കവെയാണ് കണ്ണന്താനം ഇക്കാര്യം വ്യക്തമാക്കിയത്. അതുകൊണ്ട് ഇനി മുതല്‍ സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദ പ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ റെക്കോഡ് ചെയ്യുന്നില്ലല്ലോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം ഭാര്യ പ്രതികരിച്ചത് എടുത്ത് ട്രോളാക്കിയതിലും വിഷമമുള്ളതായി കണ്ണന്താനം പറഞ്ഞു.
കേന്ദ്രമന്ത്രിയായതിനുശേഷം കണ്ണന്താനത്തിന്റെ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിച്ചിരുന്നു. ബീഫ് നിയന്ത്രണത്തെക്കുറിച്ചും പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ചുള്ള പ്രസ്താവനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇതിനെക്കുറിച്ച് സംവാദത്തിനിടെ ചോദിച്ചപ്പോളാണ് ഇനി അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് മന്ത്രി അറിയിച്ചത്.
‘എന്റെ വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന് അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല’ കണ്ണന്താനം പറഞ്ഞു. മാധ്യമങ്ങള്‍ പലതും വിവാദമാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഒരു തമാശ പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും കണ്ണന്താനം പറയുന്നു. കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പ്രസ്താവനകളും ട്രോളുകളില്‍ നിറഞ്ഞിരുന്നു.