ന്യൂഡൽഹി: അവസാന മിനിറ്റ് ഗോളിൽ ഐഎസ്എൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സിയെ അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനമോസ് സമനിലയിൽ തളച്ചു. രണ്ടു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം രണ്ടു ഗോൾ വഴങ്ങിയ ഡൽഹിയാണ്, അവസാന മിനിറ്റ് ഗോളിലൂടെ തിരിച്ചുവരവ് നടത്തിയത്.
24-ാം മിനിറ്റിൽ ഡേവിഡ് ഗെയ്തിയിലൂടെ ഡൽഹിയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഈ സീസണിലെ ടീമിന്റെ ഗോളടിയന്ത്രമായ ജെജെ ലാൽപെഖുലയിലൂടെ ചെന്നൈയിൻ സമനില നേടി. മാത്രമല്ല, രണ്ടാം പകുതിയുടെ തുടക്കത്തിൽ ജെജെയിലൂടെതന്നെ ചെന്നൈയിൻ ലീഡ് സ്വന്തമാക്കുകയും ചെയ്തു. മത്സരം ചെന്നൈയിന്റെ വിജയത്തിൽ അവസാനിക്കാനിരിക്കെ 90-ാം മിനിറ്റിൽ ഡൽഹി സമനില വീണ്ടെടുക്കുകയായിരുന്നു. ഗുയോണ്‍ ഫെർണാണ്ടസായിരുന്നു ഇക്കുറി സ്കോറർ.
മത്സരം സമനിലയിലായെങ്കിലും ഒന്‍പതു മത്സരങ്ങളിൽനിന്നു 17 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ചെന്നൈയിൻ. എട്ടു മത്സരങ്ങളിൽനിന്നു നാലു പോയിന്റ് മാത്രമുള്ള ഡൽഹി അവസാന സ്ഥാനത്താണ്.