ശബരിമല: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ അയ്യപ്പതീർഥാടകൻ മരിച്ചു. ചെന്നൈ നീർകുണ്ടറം വിനായക് ഫസ്റ്റ് സ്ട്രീറ്റിൽ ആർ. മിതേഷ് കുമാർ (30) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു പരന്പരാഗത പാതയിലെ കരിമലയിൽവച്ചാണ് കാട്ടാന മിതേഷ്കുമാറിനെ ആക്രമിച്ചത്. ചെന്നൈയിൽനിന്നു സഹോദരൻ സായിറാം ഉൾപ്പെടെയുള്ള 12 അംഗ സംഘത്തിൽപ്പെട്ട മിതേഷ്കുമാർ ശബരിമല അയ്യപ്പദർശനത്തിനായി നടന്നുവരുന്പോഴാണ് ആക്രമണം ഉണ്ടായത്.
പന്പ പോലീസ് പറയുന്നത്: സംഘമായിട്ടുവന്ന ഇവർ കരിമലയിലെ കടയിൽനിന്നും സാധനംവാങ്ങി കഴിക്കുകയും കുറച്ചു മുന്പോട്ടുപോകുന്പോഴാണ് ബാക്കി പൈസ വാങ്ങിയില്ലായെന്നറിഞ്ഞ്, സഹോദരനെ നിർത്തിയിട്ട് ഒറ്റയ്ക്കു കടയിലേക്കു പോകുന്പോഴാണ് കാട്ടാന ആക്രമിച്ചത്. തുന്പിക്കൈകൊണ്ട് അടിച്ച പാടുകൾ മുഖത്തുണ്ടെന്നു പ്രാഥമിക പരിശോധനയിൽ കാണപ്പെട്ടെന്നു പന്പാ ആശുപത്രി ഡോക്ടർ പറഞ്ഞു.
കാട്ടാനക്കൂട്ടത്തിന്റെ ഛിന്നംവിളി കേട്ടാണ് വനപാലകരും അയ്യപ്പതീർഥാടകരും സംഭവസ്ഥലത്ത് എത്തിയത്. തുടർന്നു കരിമലയിൽത്തന്നെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകിയശേഷം പന്പയിലേക്കു കൊണ്ടുവരുന്നവഴിയാണ് മരണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.
പരന്പരാഗത പാതയിൽ ആവശ്യത്തിനു വെളിച്ചമില്ലാത്തതും തീർഥാടകർക്ക് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മണ്ഡല-മകരവിളക്കുകാലത്തെങ്കിലും സോളാർ ബൾബുകൾ സ്ഥാപിക്കണമെന്നുള്ള നിർദേശം ഉണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
പരന്പരാഗതപാതയിൽ ആവശ്യത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരിക്കിയിട്ടില്ലാത്തതിനു തെളിവുകൂടിയാണ് കാട്ടാനകളുടെ ആക്രമണമെന്നു തീർഥാടകർ കുറ്റപ്പെടുത്തി. മകരവിളക്കിനു ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പരന്പരാഗതപാതയിലൂടെ ഭക്തജനങ്ങളുടെ വൻപ്രവാഹമാണ് ഉണ്ടാകുന്നത്. 24 മണിക്കൂറും തീർഥാടകർ ഈ വഴി എത്തുന്നുണ്ട്. എന്നാൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായെന്ന പരാതിയും സജീവമാകുകയാണ്.