ചേർത്തല: വി.ടി ബൽറാം എംഎൽഎ ചാനലുകാരെ വിളിച്ചു വരുത്തിയ ശേഷം സ്വന്തം തുണിയുരിഞ്ഞിട്ട് ഓടിയിരുന്നെങ്കിൽ ഇതിനേക്കാൾ വാർത്താപ്രാധാന്യം ലഭിക്കുമായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം വാർഷികസമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൽറാമിന്േറത് അനവസരത്തിൽ പറഞ്ഞ അനാവശ്യമാണ്.
എകെജിയും സുശീല ഗോപാലനും മരിച്ചു മണ്ണടിഞ്ഞു. വാർത്ത കിട്ടാൻ വേണ്ടി ബാലിശമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. വി.എം സുധീരനുമായി നോക്കുന്പോൾ എം.എം ഹസൻ ജനകീയനാണ്. അണികളെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. വി.ഡി സതീശൻ യജമാനഭക്തിയുള്ളയാളാണ്. ഇതാണ് സുധീരന് വേണ്ടി ശബ്ദമുയർത്താൻ കാരണം.
മണിയാശാന്റെ ഭാഷ സുധീരനെതിരെ ഞാൻ പറഞ്ഞിട്ടില്ല. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് സുധീരൻ. സമുദായത്തെയും വ്യക്തിപരമായി എന്നെയും തുടർച്ചയായി വേട്ടയാടുകയാണ്. ഓഖി ദുരന്തമുഖത്ത് മുഖ്യമന്ത്രി പൊടുന്നനെ എത്തരുതെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ളവരാണ് നിർദ്ദേശിച്ചത്.
അവിടെയെത്തിയ അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ല. ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ച ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.