മരട് (കൊച്ചി): കായൽ വൃത്തിയാക്കുന്നതിനിടെ ലഭിച്ച കോണ്ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കുന്പളം ശാന്തിതീരം ശ്മശാനത്തിനു സമീപം കായൽനിന്നുലഭിച്ച വീപ്പയ്ക്കുള്ളിലായിരുന്നു മനുഷ്യന്റെ തലയോട്ടി ഉൾപ്പടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്.
ഏതാനും ദിവസം മുന്പ് ജെസിബി ഉപയോഗിച്ച് കായലിലെ ചെളി വാരിയപ്പോൾ കിട്ടിയ വീപ്പ കായലോരത്തെ പറന്പിൽ ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നും ദുർഗന്ധം വന്നപ്പോൾ ആളുകൾ പോലീസിൽ വിവരം അറിയിച്ചു.
ഇന്നു രാവിലെ പരിശോധനയ്ക്കെത്തിയ പനങ്ങാട് പോലീസ് വീപ്പയിലെ കോണ്ക്രീറ്റ് പൊട്ടിച്ച് നോക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടത്.
ആരെയെങ്കിലും കൊലപ്പെടുത്തിയ ശേഷം വീപ്പയ്ക്കകത്തിട്ട് കോണ്ക്രീറ്റ് നിറച്ച് കായലിൽ ഇട്ടതാകാമെന്നാണ് പോലീസ് നിഗമനം. വീപ്പയ്ക്കകത്ത് ഇഷ്ടിക നിരത്തിയശേഷം കോണ്ക്രീറ്റ് നിറച്ച നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അസ്ഥികൂടത്തിന്റെ പഴക്കവും മറ്റും അറിയാൻ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. ദുർഗന്ധം ഉള്ളതിനാൽ ഏറെപഴക്കമില്ലെന്നാണ് കരുതുന്നത്.