കൊടുങ്ങല്ലൂർ: പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാണെന്നു മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പാൾ, പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള അധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൽ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു.
വി.കെ.രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിനായി നിർമിച്ച പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ.ിആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി.
നഗരസഭ ചെയർമാൻ സി.സി.വിപിൻചന്ദ്രൻ, വൈസ് ചെയർമാൻ ഷീല രാജ്കമൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.കൈസാബ്, ശോഭ ജോഷി, സി.കെ.രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, പി.എൻ.രാമദാസ്, എക്സിക്യൂട്ടീവ് എൻജിനീയർ ടി.ദീപ, വി.ജി.ഉണ്ണികൃഷ്ണൻ, എ.സി.കവിത എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ.എ.സാഹിദ സ്വാഗതവും വി.ബി.ജയ നന്ദിയും പറഞ്ഞു.