വടക്കഞ്ചേരി: വാഹനയാത്രികർക്ക് ദുരിതമായി വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം പലതവണ നിർത്തിവച്ചും പിന്നെ തുടങ്ങിയും നീങ്ങുന്പോഴും ജനപ്രതിനിധികളോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന് ആക്ഷേപം. 2005-ൽ തുടങ്ങിയതാണ് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശാപം.
ആറുവരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ ആദ്യയോഗം 2005 ഡിസംബറിൽ വടക്കഞ്ചേരിയിലാണ് നടന്നത്. പിന്നീട് ആറുവരിപ്പാത വികസനമെന്നു പറഞ്ഞ് ദേശീയപാതയിലെ കുഴിയടയ്ക്കലും വഴിപാടുപോലെയായി. 2012 മഴക്കാലമായതോടെ ദേശീയപാത പൂർണമായും തകർന്നു രാപകൽവ്യത്യാസമില്ലാതെ ഗതാഗതക്കുരുക്കും യാത്രക്കാരെ പെരുവഴിയിലാക്കി.
2012-ൽ പാതവികസന പ്രവൃത്തികൾ തുടങ്ങിയെങ്കിലും യഥാസമയം ഫണ്ട് ലഭിച്ചില്ലെന്നും റോഡിനുള്ള ഭൂമി വിട്ടുകിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി കരാർ കന്പനി രണ്ടുവർഷം പണികൾ നിർത്തിവച്ചു.28 കിലോമീറ്റർ വരുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വികസനം കഴിഞ്ഞ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്നായിരുന്നു ഒടുവിൽ നിശ്ചയിച്ച കരാർ കാലാവധി.
എന്നാൽ പണികഴിയാതെ വന്നതോടെ 2018 മാർച്ച് 31 വരെ കാലാവധി നീട്ടിനല്കിയിരിക്കുകയാണ്. എന്നാൽ ഈ കാലാവധിക്കുള്ളിലും കുതിരാനിലെ തുരങ്കപ്പാത ഉൾപ്പെടെയുള്ള റോഡുവികസനം തീരില്ലെന്ന സ്ഥിതിയാണ്. നിർമാണപ്രവൃത്തികൾ തുടങ്ങി 2012 മുതൽ കരാർ കന്പനിക്ക് സാന്പത്തിക പ്രതിസന്ധിയാണ്.
വാടകയ്ക്ക് എടുത്ത വാഹനങ്ങൾക്ക് വാടക കൊടുക്കാതെ വാഹനങ്ങൾ ഓട്ടംനിർത്തിവയ്ക്കുകയും വാഹന ഉടമകളും ഡ്രൈവർമാരും മറ്റു പണികളും തടഞ്ഞതോടെ പാതവികസനം രണ്ടുദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്. പാതനിർമാണത്തിനായുള്ള വാഹനങ്ങളിൽ 80 ശതമാനവും കരാർ കന്പനി വാടകയ്ക്കെടുത്താണ് പണികൾ നടത്തുന്നത്.
മെഷിനറികളും വാടകയ്ക്കാണ്. തൊഴിലാളികളെയുംജീവനക്കാരെയും മറ്റു സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്നത് ഏജന്റുമാർ വഴിയും. എന്നാൽ ഈ പണികൾ മെയിൻ കരാർ കന്പനിയായ കെഎംസി ചെയ്യാതെ പ്രഗതി ഗ്രൂപ്പിനു സബ് കരാർ നല്കുകയായിരുന്നു. പാതവികസനം എഴുപതുശതമാനം പൂർത്തിയായെന്നു കരാർ കന്പനി പറയുന്നുണ്ടെങ്കിലും ചെയ്ത വർക്കുകൾക്ക് ഫിനിഷിംഗ് ഇല്ലെന്നതാണ് കരാർ കന്പനിക്കെതിരേ വലിയ ആരോപണം.