കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ വിമർശിച്ചതിനെ തുടർന്ന് കടുത്ത ആക്രമണം നേരിടുന്ന വി.ടി.ബൽറാം എംഎൽഎയ്ക്കു പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വ്യക്തിജീവിതത്തിലെ പല ഏടുകളും പലതവണ ചർച്ചാവിഷയമാക്കിയിട്ടുമുണ്ടെന്നും യേശുദേവനെയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനെയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എകെജിയെപ്പറ്റി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മനുഷ്യാവകാശ ധ്വംസകനായ കിം ജോംഗ് ഉന്നിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുരേന്ദ്രൻ ചോദിക്കുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
വി.ടി.ബൽറാമിനെ പലപ്പോഴും നിശിതമായി വിമർശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോൾ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റി ഇപ്പോഴും അഭിപ്രായവ്യത്യാസവുമുണ്ട്.
എന്നാൽ എകെജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിന്റെ വിമർശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാൻ സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എകെജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.
എകെജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടിൽ. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂർത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എകെജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല. മാത്രമല്ല ഈയിടെയാണ് ഗൗരിയമ്മ എകെജിയെക്കുറിച്ച് അവർക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും.
നമ്മുടെ നാട്ടിൽ മരണാനന്തരം പല മഹാൻമാരുടേയും സ്വകാര്യജീവിതം ചർച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. മാർക്സിന്റെ സ്വകാര്യജീവിതം തന്ന വലിയ ചർച്ചയായതുമാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാര·ാരും മാധ്യമപ്രവർത്തകരുമൊക്കെ പലതവണ ചർച്ചാവിഷയമാക്കിയിട്ടുമുണ്ട്.
നാടുമുഴുവൻ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്നവരാണ് ഇപ്പോൾ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കിൽ അത് അത്ര വലിയ മഹത്വമല്ല.
ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകനായ കിം ജോങ് ഉന്നിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനെയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനെയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എകെജിയെപ്പറ്റി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്കു കഴിയില്ല.