കൊച്ചി: മകളുടെ വിവാഹച്ചെലവ് വഹിക്കാൻ പിതാവിനു ബാധ്യതയുണ്ടെന്ന വ്യവസ്ഥ വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു ദത്തെടുക്കൽ നിയമം വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമായതിനാൽ വിവാഹച്ചെലവിനു പിതാവ് രണ്ടു ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി.
വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു മകൾ നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ വിധി. നേരത്തെ ഈ ആവശ്യമുന്നയിച്ചുള്ള ഹർജി പാലക്കാട് കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണു മകൾ ഹൈക്കോടതിയെ സമീപിച്ചത്. കല്യാണച്ചെലവ് നൽകാൻ പിതാവിനു ബാധ്യതയുണ്ടെങ്കിലും ആവശ്യത്തിലേറെ പണം ചെലവഴിച്ചശേഷം തുക മുഴുവൻ പിതാവ് നൽകണമെന്നു പറയാൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുടുംബക്കോടതിയിലെ ഹർജിയിൽ യുവതി മകളല്ലെന്ന വാദമാണു പിതാവ് ഉന്നയിച്ചത്. യുവതിക്കു സ്വന്തം പേരിലുള്ള രണ്ടു കെട്ടിടങ്ങളിൽനിന്നു വാടക കിട്ടുന്നുണ്ടെന്നും വിവാഹച്ചെലവിന് ഇതു പര്യാപ്തമാണെന്നും കണ്ടെത്തിയ കുടുംബക്കോടതി ഹർജി തള്ളുകയായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ യുവതി തന്റെ വിവാഹേതര ബന്ധത്തിലുള്ള മകളാണെന്നു പിതാവ് പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലവും ഇതു ശരിവച്ചു.
ഒരു ലക്ഷം രൂപയുടെ തുണികളും അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും കല്യാണത്തിനു വാങ്ങിയെന്നു യുവതി വ്യക്തമാക്കി. അതേസമയം സർക്കാർ സർവീസിൽനിന്നു റിട്ടയറായ തനിക്കു പ്രതിമാസം 30,000 രൂപയാണു പെൻഷൻ ലഭിക്കുന്നതെന്നും ഹൃദ്രോഗബാധിതനായ താൻ ചികിത്സയിലാണെന്നും പിതാവ് ബോധിപ്പിച്ചു.
ഇവയൊക്കെ കണക്കിലെടുത്താണു രണ്ടു ലക്ഷം രൂപ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. വിവാഹം കഴിക്കുന്നതിനു മുന്‍പാണു യുവതി ചെലവിനായി ഹർജി നൽകിയതെന്നും വിവാഹം കഴിഞ്ഞതിനാൽ വിവാഹച്ചെലവ് നൽകേണ്ടതില്ലെന്നുമുള്ള പിതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.