കേപ്ടൗണ്‍: ആദ്യം എറിഞ്ഞുവീഴ്ത്തി. പിന്നെ കൊതിപ്പിച്ച് തുടങ്ങി. ഒടുവില്‍ മുടന്തിവീണു. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന ന്യൂലാന്‍ഡ്സിലെ മൈതാനത്ത് വീണത് ഇന്ത്യന്‍ കണ്ണീര്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ചരിത്രം കുറിക്കാനിറങ്ങിയ ഇന്ത്യ വഴുതിവീണത് വെറും 135 റണ്‍സിന്. വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിട്ട ആറു വിക്കറ്റുകള്‍ ആതിഥേയരുടെ ജയത്തിന് അടിത്തറ പാകി. സ്കോര്‍ ദക്ഷിണാഫ്രിക്ക 286, 130; ഇന്ത്യ 209, 135.
ഒരു ത്രില്ലര്‍ കഥയുടെ എല്ലാ ചേരുവകളുമുണ്ടായിരുന്നു നാലാംദിനത്തിന്. പതിനെട്ട് വിക്കറ്റുകളാണ് ഒരൊറ്റ ദിനം വീണത്. എല്ലാ വിക്കറ്റുകളും പേസര്‍മാരുടെ കീശയിലും. തലേന്ന് പെയ്ത മഴയുടെ ആനുകൂല്യം ഇന്ത്യന്‍ പേസര്‍മാര്‍ ആദ്യ സെഷനില്‍ മുതലെടുത്തപ്പോള്‍ ഏവരും ഒരു ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫിലാന്‍ഡറിന്റെ തകര്‍പ്പന്‍ സ്പെല്‍ അവസാന ചിരി ആഫ്രിക്കയുടേതാക്കി. രണ്ടാം സ്പെല്ലില് ഒരൊറ്റ ഓവറില്‍ അവസാന മൂന്നു വിക്കറ്റും പിഴുത് ജയം മനോഹരമാക്കിയതിന് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ മൊത്തം ഒന്‍പത് വിക്കറ്റ് ഫിലാൻഡർ സ്വന്തമാക്കി.
എല്ലാം പതിവ്
ചരിത്രത്തിലേക്ക് വെറും 208 റണ്‍സിന്റെ അകലമെന്ന ആവേശത്തിലാണ് ഇന്ത്യ പിന്തുടരല് ആരംഭിച്ചത്. പതിവില്‍ നിന്നു വിരുദ്ധമായി ശിഖര്‍ ധവാനും മുരളി വിജയും മികച്ച തുടക്കവും നല്കി. ആദ്യ വിക്കറ്റില്‍ പിറന്നത് 30 റണ്‍സ്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെപ്പെട്ടെന്നാണ്.
എട്ടാം ഓവറില്‍ ധവാനെ (16) മോര്‍ക്കല്‍ മടക്കി. തൊട്ടുപിന്നാലെ 13 റണ്‍സെടുത്ത വിജയും മടങ്ങി. ഫിലാന്‍ഡറിനായിരുന്നു ഈ വിക്കറ്റ്. രണ്ടാം ഇന്നിംഗ്സിലും തിളങ്ങാതെ ചേതേശ്വര്‍ പൂജാര (4) മടങ്ങിയതോടെ മൂന്നിന് 39 റണ്‍സെന്ന നിലയിലായി ഇന്ത്യ. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി.
കോഹ്ലി അതിവേഗം സ്കോര്‍ ചെയ്തതോടെ സമ്മര്‍ദം വീണ്ടും ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലായി. എന്നാല്‍ ഫിലാന്‍ഡറുടെ താഴ്ന്നുവന്ന ഒരു പന്ത് കണക്കുകൂട്ടലാകെ തെറ്റിച്ചു. ക്യാപ്റ്റന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്ത്. 40 പന്തില്‍ നാലു ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സായിരുന്നു വിരാടിന്റെ സമ്പാദ്യം.
തൊട്ടുപിന്നാലെ രോഹിതും പത്തു റണ്‍സെടുത്തു മടങ്ങിയതോടെ ഇന്ത്യയുടെ കാര്യത്തില്‍ ഏകദേശ തീരുമാനമായി. എന്നാല്‍ ഏഴാംവിക്കറ്റില്‍ അശ്വിന്-ഭുവനേശ്വര്‍ സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോൾ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി. പക്ഷേ ഫിലാന്‍ഡര്‍ ഒരൊറ്റ ഓവറില്‍ ഇന്ത്യന്‍ സ്വപ്നം തവിടുപൊടിയാക്കി.
ആദ്യ സെഷന്
ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്ക്കൊരു പൊതുസ്വഭാവമുണ്ട്. ആദ്യ സെഷനുകളില്‍ ബൗളര്‍മാരെ കനിഞ്ഞ് അനുഗ്രഹിക്കും. വ്യത്യസ്തമാക്കിയില്ല തിങ്കളാഴ്ചത്തെ പുലര്‍വേളയും. എറിഞ്ഞവര്‍ക്കെല്ലാം ചറപറ വിക്കറ്റ് കിട്ടി. ഒരുവേള ഇന്ത്യന്‍ ടീം പോലും ഞെട്ടിയെന്ന് തോന്നുന്നു, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്ര കണ്ട്. രണ്ടിന് 65 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രാവിലെ തുടങ്ങിയത്. ഹാഷിം അംലയെ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷാമിയാണ് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. റീപ്ലേകളില്‍ പന്ത് നിലത്തുരുമ്മിയോ എന്ന സംശയം ഉയര്‍ന്നെങ്കിലും അംപയര്‍മാരുടെ തീരുമാനം ഇന്ത്യക്ക് അനുകൂലമായി. നാല് ഓവറുകള്‍ക്കുള്ളില്‍ നൈറ്റ് വാച്ച്മാന് കഗിസോ റബാഡയും (5) വീണതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു.
ആദ്യ ഇന്നിംഗ്സില്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ച ഫഫ് ഡുപ്ലിസി- എ.ബി. ഡിവില്യേഴ്സ് സഖ്യം ഒന്നിച്ചെങ്കിലും ആയുസ് നീണ്ടത് 16 പന്തുകള്‍ മാത്രം. ഡുപ്ലിസിയെ (പൂജ്യം) വീഴ്ത്തിയത് ബുംറ. സാഹയ്ക്ക് വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്കി മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും 85 റണ്‍സ് മാത്രം.
ക്വിന്റണ്‍ ഡികോക്കും (8), വെറോണ്‍ ഫിലാന്‍ഡറും (പൂജ്യം) നിമിഷ നേരത്തില്‍ മടങ്ങിയതോടെ ഏഴിന് 95 റണ്‍സെന്ന നിലയിലായി ആതിഥേയര്‍. അവസാനക്കാരെ കൂട്ടുപിടിച്ച് ഡിവില്യേഴ്സ് നടത്തിയ ചെറിയ രക്ഷാപ്രവര്‍ത്തനമാണ് ലീഡ് 200 കടക്കാന്‍ ആതിഥേയരെ സഹായിച്ചത്. 50 പന്തില്‍ 35 റണ്‍സെടുത്ത എബിഡി ബുംറയുടെ പന്തില്‍ ഭുവനേശ്വര്‍ പിടികൂടി പുറത്താകുകയായിരുന്നു. ഇന്ത്യക്കായി ബുംറയും ഷാമിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
റിക്കാര്‍ഡ് സാഹ
കേപ്ടൗണ്‍: ബാറ്റു കൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ റിക്കാര്‍ഡുമായി വൃദ്ധിമാന്‍ സാഹ. 10 ക്യാച്ചുകള്‍ കൈപ്പിടിയില്‍ ഒതുക്കിയ സാഹ ഒരു ടെസ്റ്റില്‍ ഇത്രയും പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി. 2014 ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പത് പുറത്താക്കലുകളില്‍ പങ്കാളിയായ മഹേന്ദ്ര സിംഗ് ധോണിയുടെ റിക്കാര്‍ഡാണ് പഴങ്കഥയായത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് ക്യാച്ചുകള്‍ നേടിയ താരം രണ്ടാം ഇന്നിംഗ്സിലും സമാന പ്രകടനം ആവര്‍ത്തിച്ചു.
ഒരു ക്യാച്ചോ സ്റ്റമ്പിംഗോ നേടാനായിരുന്നെങ്കില്‍ മറ്റൊരു റിക്കാര്‍ഡും സാഹയ്ക്ക് സ്വന്തമായേനെ. 1995 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ 11 ക്യാച്ചുകള്‍ നേടിയ ഇംഗ്ലണ്ട് കീപ്പര്‍ ആര്.സി. റസലും, പാകിസ്ഥാനെതിരെ 2013 ല്‍ 11 ക്യാച്ചുകളെടുത്ത എബി ഡിവില്ലിയേഴ്സിന്റെയും ഒപ്പമെത്താമായിരുന്നു. ബാറ്റിംഗില്‍ പക്ഷേ സാഹ അമ്പേ പരാജയമായി. ആദ്യ ഇന്നിംഗ്സില്‍ സംപൂജ്യനായ സാഹ രണ്ടാമിന്നിംഗ്സില്‍ നേടിയത് വെറും എട്ടു റണ്‍സ്.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സ് 286, ഇന്ത്യ ആദ്യ ഇന്നിംഗ്സ് 209
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്: മാര്‍ക്രം സി ഭുവനേശ്വര്‍ ബി പാണ്ഡ്യ 34, എല്‍ഗര്‍ സി സാഹ ബി പാണ്ഡ്യ 25, റബാഡ സി കോഹ്ലി ബി ഷാമി 5, അംല സി ശര്‍മ ബി ഷാമി 4, ഡിവില്യേഴ്സ് സി ഭുവനേശ്വര്‍ ബി ബുംറ 35, ഡുപ്ലിസി സി സാഹ ബി ബുംറ പൂജ്യം, ഡികോക്ക് സി സാഹ ബി ബുംറ 8, ഫിലാന്‍ഡര്‍ എല്‍ബിഡബ്ല്യു ഷാമി പൂജ്യം, മഹാരാജ് സി സാഹ ബി ഭുവനേശ്വര്‍ 15, മോര്‍ക്കല്‍ സി സാഹ ബി ഭുവനേശ്വര്‍ 2, സ്റ്റെയ്ന് നോട്ടൗട്ട് പൂജ്യം ആകെ 41.2 ഓവറില്‍ 130ന് എല്ലാവരും പുറത്ത്
ബൗളിംഗ് – ഭുവനേശ്വര്‍ 11-5-33-2, ബുംറ 11.2-1-39-3, ഷാമി 12-1-39-3, പാണ്ഡ്യ 6-0-27-2, അശ്വിന് 1-0-3-0
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: വിജയ് സി ഡിവില്യേഴ്സ് ബി ഫിലാന്‍ഡര്‍ 13, ധവാന് സി സബ് (മോറിസ്) ബി മോര്‍ക്കല്‍ 16, പൂജാര സി ഡി കോക്ക് ബി മോര്‍ക്കല്‍ 4, കോഹ്ലി എല്‍ബിഡബ്ല്യു ഫിലാന്‍ഡര്‍ 28, രോഹിത് ബി ഫിലാന്‍ഡര്‍ 10, സാഹ എല്‍ബിഡബ്ല്യു റബാഡ 8, പാണ്ഡ്യ സി ഡിവില്യേഴ്സ് ബി റബാഡ 1, അശ്വിന് സി ഡികോക്ക് ബി ഫിലാന്‍ഡര്‍ 37, ഭുവനേശ്വര്‍ നോട്ടൗട്ട് 13, ഷാമി സി ഡുപ്ലിസി ബി ഫിലാന്‍ഡര്‍ 4, ബുംറ സി ഡുപ്ലിസി ബി ഫിലാന്‍ഡര്‍ പൂജ്യം ആകെ 42.4
ഓവറില്‍ 135ന് പുറത്ത്
ബൗളിംഗ്- ഫിലാന്‍ഡര്‍ 15.4-4-42-6, മോര്‍ക്കല്‍ 11-1-39-2, റബാഡ 12-2-41-2, മഹാരാജ് 4-1-12-0.