മുംബൈ: പലിശനിരക്ക് കൂടുന്ന കാലം വരുന്നു. മൂന്നു വർഷമായി താഴോട്ടായിരുന്നു പലിശ നിരക്കുകളുടെ ഗതി. ഇനി ക്രമേണ നിരക്കുകൾ ഉയരുമെന്നു ധനകാര്യനിരീക്ഷകർ കരുതുന്നു. 2015 ജനുവരിയിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചു തുടങ്ങി.
കഴിഞ്ഞ ഓഗസ്റ്റ് വരെ റീപോ നിരക്കിൽ രണ്ടു ശതമാനം കുറവാണുണ്ടായത്. പിന്നീട് ഒക്ടോബറിലും ഡിസംബറിലും റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി നിരക്കിൽ മാറ്റം വരുത്തിയില്ല.ഇതിനിടെ പണപ്പെരുപ്പനിരക്ക് ഉയർന്നു തുടങ്ങി. ഒക്ടോബറിൽ 3.58 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. നവംബറിൽ അത് 4.88 ശതമാനമായി.
ക്രൂഡ് ഓയിൽ വില നിത്യേന കയറുന്നതിനനുസരിച്ച് രാജ്യത്ത് ഇന്ധനവില കൂട്ടുന്നുണ്ട്. ഇതും ചില കാർഷികോത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞതും ചില്ലറ വിലക്കയറ്റം ഇനിയും കൂടാൻ ഇടയാക്കും.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടി കർഷകർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കും. സംഭരണവിലയോ താങ്ങുവിലയോ വർധിപ്പിച്ചെന്നു വരാം. അതും ചില്ലറ വിലക്കയറ്റം വർധിക്കാനിടയാക്കും.
ഈ സാഹചര്യത്തിൽ മാർച്ചിനുശേഷം റീപോ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കും എന്നാണ് പരക്കെ കരുതപ്പെടുന്നത്. ഗവൺമെന്റിന്റെ ധനകമ്മി നേരത്തേ കണക്കാക്കിയ 3.2 ശതമാനത്തിലും അധികമാകും എന്നു നിഗമനമുണ്ട്. ഇതും പലിശനിരക്കു കൂടാൻ കാരണമാകും. ഇപ്പോൾ ആറു ശതമാനത്തിലാണ് അടിസ്ഥാനപലിശ നിരക്കായ റീപോ.
ഇതിനിടെ രണ്ടു സ്വകാര്യ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ നേരിയതോതിൽ വർധിപ്പിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കും യെസ് ബാങ്കുമാണു പലിശ 0.05 മുതൽ 0.25 വരെ ശതമാനം വർധിപ്പിച്ചത്.