മരട്/കൊച്ചി: കുന്പളത്ത് കോണ്ക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽനിന്നു ലഭിച്ച അസ്ഥികൂടം ഏകദേശം മുപ്പത് വയസുള്ള യുവതിയുടേതെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധർ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. സംഭവത്തിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാണാതായവരുടെ പരാതികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസ് സംഘം നടത്തുന്നത്.
എറണാകുളം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മറ്റു ജില്ലകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഒരു വർഷമായി കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കി നടത്തുന്ന അന്വേഷണത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. എവിടെനിന്ന് അന്വേഷണം തുടങ്ങുമെന്നതു പോലീസ് സംഘത്തെ വെട്ടിലാക്കുന്നുണ്ട്.
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതമാണെന്ന് ഇതിനകം സ്ഥീരകരിച്ചിട്ടുണ്ട്. നെട്ടൂർ കായലിൽ ചാക്കിൽ കെട്ടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി തട്ടിച്ചു നോക്കുന്പോൾ കൃത്യം നടത്തിയവർ വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. കോണ്ക്രീറ്റിനുള്ളിൽ മനുഷ്യ ശരീരമുണ്ടെന്നു തിരിച്ചറിയാതെ ഇരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു.
വീപ്പ പൊട്ടിക്കുന്പോൾ അസ്ഥികൾ കോണ്ക്രീറ്റിനുള്ളിലായിരുന്നു. ആദ്യം കുറച്ചു കോണ്ക്രീറ്റ് നിറച്ച ശേഷം തലകീഴായി കൈകളും കാലുകളും മടക്കി വീപ്പയിൽ കയറ്റിയ ശേഷം വീണ്ടും കോണ്ക്രീറ്റ് നിറയ്ക്കുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. കായലിൽ തള്ളിയാൽ ഒരിക്കലും പൊന്താതിരിക്കാനുള്ള മാർഗമായി കൂടുതൽ ബലം കിട്ടാനാകും ഇഷ്ടിക നിരത്തിയതെന്നും അനുമാനിക്കപ്പെടുന്നു. പിൻവലിച്ച അഞ്ഞൂറിന്റെ രണ്ടു നോട്ടുകളും ഒരുനൂറ് രൂപ നോട്ടും ലഭിച്ചിരുന്നു. എന്നാൽ, പഴ്സ് പോലുള്ള കാര്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
കുന്പളത്തെ ഒഴിഞ്ഞ പറന്പിൽ കോണ്ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയിൽനിന്നു ഇന്നലെ രാവിലെയാണു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത്. ദിവസങ്ങളായി കായലോരത്തു സംശയാസ്പദമായി കാണപ്പെട്ട നീല നിറത്തിലുള്ള വീപ്പ ഇന്നലെ പോലീസ് എത്തി പരിശോധിച്ചപ്പോഴാണു അസ്ഥികൂടം ലഭിച്ചത്. വീപ്പ നിറഞ്ഞിരുന്ന കോണ്ക്രീറ്റ് തകർത്തപ്പോൾ തലയോട്ടി ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളുടെയും അസ്ഥികൾ കണ്ടെത്തുകയായിരുന്നു.
പരിശോധനയിൽ വെള്ളി അരഞ്ഞാണം, നീളമുള്ള മുടി, വസ്ത്രാവശിഷ്ടങ്ങൾ തുടങ്ങിയവ ലഭിച്ചിരുന്നു. അരഞ്ഞാണം പരിശോധിക്കുന്പോൾ മെലിഞ്ഞ സ്ത്രീയാണെന്നാണു കണ്ടെത്തൽ. ആകെ ലഭിച്ച തെളിവായ അരഞ്ഞാണവും വസ്ത്ര ഭാഗങ്ങളും കാണാതായെന്നു പരാതി നൽകിയ ബന്ധുക്കളെ കാണിച്ചാൽ കൊല്ലപ്പെട്ടത് ആരാണെന്ന കാര്യത്തിൽ ഉത്തരമുണ്ടാകുമെന്നാണു പോലീസ് പ്രതീക്ഷിക്കുന്നത്. തുടർന്നു ഡിഎൻഎ പരിശോധനയിലൂടെ സംഭവങ്ങൾ വ്യക്തത കൊണ്ടു വരുവാനും സാധിക്കും.
അതേസമയം, സംഭവത്തിൽ പോലീസിൽനിന്നു കൃത്യമായ ഇടപെടലുകളുണ്ടായിട്ടില്ലെന്ന ആരോപണം നാട്ടുകാർ ഉയർത്തുന്നുണ്ട്. ഞായറാഴ്ച കോണ്ക്രീറ്റ് നിറച്ച വീപ്പ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇന്നലെ രാവിലെയാണു പരിശോധന നടത്താനായി പോലീസ് എത്തിയത്. വീപ്പയ്ക്കുള്ളിൽനിന്നു അസ്ഥികൂടം കണ്ടെത്തിയത് അക്ഷരാർഥത്തിൽ പോലീസിനു തലവേദനയായിരിക്കുകയാണ്.
രണ്ടു മാസം മുൻപ് നെട്ടൂർ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ കാണപ്പെട്ട മൃതദേഹം ലഭിച്ചിരുന്നു. ഇതിനു തുന്പുണ്ടാക്കാൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. അതേ സ്റ്റേഷൻ പരിധിയിൽ വീണ്ടും സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത് ആശങ്കയുണർത്തുന്നു.കുന്പളം ദേശീയ പാതയോടും കായലിനോടും ചേർന്ന ഒഴിഞ്ഞ പറന്പിലിരുന്നിരുന്ന വീപ്പ കാണപ്പെട്ടത്. ആലപ്പുഴ കേന്ദ്രമായുള്ള സ്വകാര്യ കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആറേക്കർ പറന്പ്.
കഴിഞ്ഞ ഒരു വർഷമായി വീപ്പ കായലിൽ കുത്തി നിർത്തിയിരിക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ കണ്ടിരുന്നു. പക്ഷേ, കല്ലു നിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ കാര്യമായി എടുത്തില്ല. കഴിഞ്ഞ ഡിസംബർ 16ന് ഇതിലൂടെ കടന്നുപോകുന്ന കാന ജെസിബി ഉപയോഗിച്ചു വൃത്തിയാക്കിയതായി കന്പനി ജനറൽ മാനേജർ പറഞ്ഞു. ഈ സമയം കന്പനിയുടെ അതിരിനോടു ചേർന്ന കായലിൽ കുത്തി നിർത്തിയ നിലയിൽ കണ്ടെത്തിയ വീപ്പ ജെസിബി ഉപയോഗിച്ച് ഒഴിഞ്ഞ പറന്പിലേക്ക് എടുത്ത് വച്ചതായും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്തു ദുർഗന്ധം വമിക്കാനും ഉറുന്പുകൾ നിറയുകയും ചെയ്തതോടെയാണു സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് ഇന്നലെ രാവിലെ ഒൻപത് മണിയോടെ പനങ്ങാട് പോലീസ് സ്ഥലത്തെത്തി കോണ്ക്രീറ്റ് കട്ടപൊട്ടിച്ച് വീപ്പ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അസ്ഥികൂടം കാണപ്പെട്ടത്.
നെട്ടൂരെ സംഭവവുമായി സാമ്യമുണ്ടെങ്കിലും അതേ ആളുകൾ തന്നെയാണോ കൊലപാതകത്തിനു പിന്നില്ലെന്നു സംശയിക്കാനുള്ള തെളിവുകൾ ഒന്നു ലഭിച്ചിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. വിവരങ്ങൾ എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. മിസിംഗ് കേസുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.