തിരുവനന്തപുരം: ഫെയ്സ് ബുക്കിൽ എകെജിയെപ്പറ്റി വിവാദ പരാമർശം നടത്തിയ വി.ടി. ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി വി.എസ്.അച്യുതാനന്ദൻ. പാർട്ടി പത്രമായ ദേശാഭിമാനിയിൽ വിഎസ് എഴുതിയ ലേഖനത്തിലാണ് ബൽറാമിനെതിരെ രൂക്ഷ വിമർശനവും ചോദ്യശരങ്ങളും നടത്തിയിരിക്കുന്നത്. അമുൽ ബേബിമാർ ആടിത്തിമിർക്കുന്പോൾ എന്ന തലക്കെട്ടോടെയാണ് ലേഖനം.
മഹാത്മാഗാന്ധി കസ്തൂർബായെ വിവാഹം കഴിയ്ക്കുന്പോൾ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂർബായ്ക്ക് പതിനൊന്നും വയസ്സെ പ്രായമുണ്ടായിരുന്നുള്ളൂ.കസ്തൂർബായുമായി ബന്ധപ്പെട്ട വൈകാരിക ചിന്തകൾ മൂലം പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജി തന്നെ ആത്മകഥയിൽ പറയുന്നുണ്ട്.
ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ബൽറാം വായിക്കണമെന്ന് ലേഖനത്തിൽ വിഎസ് ആവശ്യപ്പെടുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റിയും പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോയെന്ന് ബൽറാം മാലോകരോട് പറയണമെന്ന് വിഎസ് ആവശ്യപ്പെടുന്നു.
ബൽറാമിന്റെ പരാമർശത്തിനെതിരെ കോണ്ഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ബൽറാമിനെ തിരുത്തിക്കാനുള്ള ആർജവം കോണ്ഗ്രസ് കാണിക്കണമെന്നും വിഎസ് ലേഖനത്തിൽ ആവശ്യപ്പെടുന്നു. പേരിന്റെ അക്ഷരങ്ങൾക്ക് പിന്നിൽ തുന്നിചേർക്കുന്ന ബിരുദങ്ങളാവരുത് ഒരു പൊതു പ്രവർത്തകനെയും നേതാവിനെയും ഭരിക്കേണ്ടതെന്നും ലേഖനത്തിൽ വിഎസ് കുറ്റപ്പെടുത്തുന്നു.
ഫെയ്സ്ബുക്കിലെ ഫ്രീതിങ്കേഴ്സ എന്ന ഗ്രൂപ്പിലാണ് വി.ടി ബൽറാം എകെജിയെപ്പറ്റി വിവാദ പരാമർശം നടത്തിയത്.