തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരേ വിവാദ പരാമർശം നടത്തിയ വി.ടി. ബൽറാം എൽഎൽഎയെ അനുകൂലിച്ച് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ചരിത്രത്തിൽ ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയേണ്ട കാര്യമില്ല. എകെജിക്കെതിരായ ബാലപീഡകൻ എന്ന ബൽറാമിന്റെ പരാമർശം നാക്കുപിഴയായി കണക്കാക്കാമെന്നും ഉണ്ണിത്താൻ പറഞ്ഞു.
എകെജിക്കെതിരേ സമൂഹ മാധ്യമത്തിലൂടെ വിവാദ പരാമർശം നടത്തിയ വി.ടി. ബൽറാം എംഎൽഎയെ പരസ്യമായി തള്ളി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു. എ.കെ. ഗോപാലൻ- സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ചുള്ള ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റാണു വിവാദമായത്.
വിവാഹ സമയത്തു സുശീലയുടെ പ്രായം 22 വയസാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. അങ്ങനെയെങ്കിൽ 12-ാം വയസു മുതൽ പ്രണയമുണ്ടായിരുന്നുവെന്നും ഇതു ബാലപീഡയായി കണക്കാക്കണമെന്നുമായിരുന്നു ബൽറാമിന്റെ പോസ്റ്റ്.