വലിയ രീതിയില്‍ കെട്ടിപ്പൊക്കിയ ബിസിനസ് തകര്‍ന്നു കഴിയുമ്പോള്‍ പിന്നീട് യാതൊരു തരത്തിലും സമനില വീണ്ടെടുക്കാന്‍ പറ്റാത്തവരുണ്ട്. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുതുടങ്ങുന്നവരുമുണ്ട് അക്കൂട്ടത്തില്‍. എന്നാല്‍ ഇതനെല്ലാം ആക്ഷേപമായി നില്ക്കുന്ന ഒരു വ്യക്തിയുണ്ട്. കോയമ്പത്തൂരുകാരനായ ബി പുരുഷോത്തമനാണ് അത്. തന്റെ ട്രക്ക് ട്രാന്‍സ്പോര്‍ട്ട് വ്യവസായം മോശമായി തുടങ്ങിയപ്പോള്‍ കോയമ്പത്തൂരുകാരനായ ബി പുരുഷോത്തമന് ആലോചിച്ചത് ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആയിരുന്നു. അത് ഇടതടവില്ലാതെ തുടരുകയും ചെയ്തു. അങ്ങനെ എട്ടുവര്‍ഷം കൊണ്ട്, ഇയാളുടെ ജീവിതത്തിലൂടെ കടന്നുപോയത് എട്ടു സ്ത്രീകള്‍. വിവാഹങ്ങളിലൂടെയുള്ള ഇയാളുടെ ആസ്തിയാകട്ടെ, 4.5 കോടി രൂപയും. എന്നാല്‍, ഏതൊരു കള്ളനും ഒരിക്കല്‍ പിടിക്കപ്പെടുമെന്നതു പോലെ പുരുഷോത്തമനും പിടിവീണു.
ചെന്നൈയില്‍ നിന്ന് പുരുഷോത്തമന് വിവാഹം കഴിച്ച സ്ത്രീയാണ് വഞ്ചന പുറത്തു പറയാന്‍ ധൈര്യം കാണിച്ചത്. 45 വയസുകാരിയായ ഇന്ദിര എന്ന കോളജ് അധ്യാപികയ്ക്കാണ് ചതി പറ്റിയത്. പുരുഷോത്തമനെ വിവാഹം കഴിച്ച ഇവര്‍ കോയമ്പത്തൂരിലേക്ക് മാറാന്‍ ചെന്നൈയിലെ തന്റെ വലിയ വീട് വിറ്റു. എന്നാല്‍, വീടു വിറ്റു കിട്ടിയ തുകയുമായി പുരുഷോത്തമന് കടന്നു കളഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ ചതി ഇവര്‍ മനസിലാക്കിയത്. എന്നാല്‍, മിണ്ടാതിരിക്കാന്‍ ഇവര്‍ തയ്യാറായില്ല. പോലീസില്‍ ഉടന്‍ തന്നെ പരാതി കൊടുത്തു. അന്വേഷണം തകൃതിയായി നടന്നു. അന്വേഷണം പുരോഗമിച്ചപ്പോഴാണ് പുരുഷോത്തമന്റെ ചതിയുടെ കഥകള്‍ പുറത്ത് എത്തിയത്.
ഇന്ദിരയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഇതുപോലെ മൂന്നു സ്ത്രീകളെ കൂടെ ഇയാള്‍ വിവാഹം കഴിച്ച് പറ്റിച്ചിട്ടുണ്ട്. ഇന്ദിരയെ വിവാഹം കഴിച്ചതിന് ശേഷം വേറെ നാല് സ്ത്രീകളെയും ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്. ശനിയാഴ്ച പുരുഷോത്തമനെതിരെ കോയമ്പത്തൂര്‍ സിറ്റി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ ഭാര്യമാര്‍ ആയിരുന്ന മൂന്നുപേര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. പുരുഷോത്തമന് ഇവരുടെ ജീവിതത്തില്‍ വന്നുപോയതോടെ ദരിദ്രര്‍ ആയെന്നാണ് എല്ലവരുടെയും വാദം. വേറൊരു ഭാര്യയായ കുമുദവല്ലിയെ ഇയാള്‍ പറ്റിച്ചത് കോടതി വ്യവഹാരങ്ങള്‍ ഉണ്ടെന്നും കേസ് അവസാനിച്ചാല്‍ 17 കോടി ലഭിക്കുമെന്നും പറഞ്ഞായിരുന്നു.
കുറച്ച് പണത്തിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്റെ പേരിലുള്ള വസ്തു വിറ്റ് മൂന്നുകോടി രൂപ ഇവര്‍ പുരുഷോത്തമന് നല്‍കുകയും ചെയ്തു. എന്നാല്‍, പണവുമായി ഇയാള്‍ കടന്നു കളയുക ആയിരുന്നു. കോയമ്പത്തൂരിലെ വെള്ളളുര്‍ സ്വദേശിയായ ഇയാള്‍ ഗാന്ധിപുരത്ത് ട്രക്ക് ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തിവരികയാണ്. വെള്ളളുരില്‍ പ്രായമായ അമ്മയ്ക്കും മകള്‍ക്കും ഒപ്പമാണ് ഇയാളുടെ താമസം. ഇയാളുടെ ആദ്യ ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു. കോയമ്പത്തൂരിലെ മാട്രിമോണിയല്‍ ഏജന്‍സി വഴി ആയിരുന്നു ഇയാള്‍ ഇരകളെ തെരഞ്ഞെടുത്തിരുന്നത്. സമ്പന്നയായ വിധവകളെയും വിവാഹമോചിതര്‍ ആയ സ്ത്രീകളെയും ആയിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്.