കൈമോശം വന്നുപോയ ഉൗർജം അവസാനമൽസരത്തിൽ കൊച്ചിയിൽനിന്നു തന്നെ തിരിച്ചുപിടിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഫ്യൂസ് പോയ ഡൽഹി ഡൈനാമോസിനെതിരെ ഇന്ന് അവരുടെ തട്ടകത്തിലിറങ്ങുന്നു. തോൽവികളാലും മോശം പ്രകടനത്താലും ആത്മവിശ്വാസം നഷ്ടപ്പെട്ടു മൈതാനത്ത് ഓടി നടന്ന സംഘത്തിൽനിന്ന് ഏറെ മാറ്റങ്ങൾ കഴിഞ്ഞ കളിയോടെ മഞ്ഞപ്പടയ്ക്കു കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ദുരന്തമായ ആദ്യപകുതിക്കു ശേഷം എഫ്സി പൂന സിറ്റിയെ വരിഞ്ഞു മുറുക്കി വിജയത്തോളം പോന്ന സമനില നേടിയെടുക്കാൻ പുത്തൻ കോച്ചിന്റെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. ഇതിലൂടെ ലഭിച്ച ഉൗർജവും ആത്മവിശ്വാസവും വർധിതവീര്യമായി മാറ്റാൻ കഴിഞ്ഞാൽ രാജ്യതലസ്ഥാനത്ത് വിലപ്പെട്ട മൂന്നു പോയിന്റു നേടാൻ സന്ദേശ് ജിങ്കനും സംഘത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വാചകക്കസർത്തുകൊണ്ടു മാത്രം ഇനി ബ്ലാസ്റ്റേഴ്സിനു പിടിച്ചുനില്ക്കാനാവില്ല.
ജയിംസേട്ടന്റെ കാലം
നിലയില്ലാക്കയത്തിലേക്കു മുങ്ങി ത്താണുകൊണ്ടിരുന്ന ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ചു റെനി മ്യൂലൻസ്റ്റിൻ എന്ന പരിശീലകൻ പിൻവാങ്ങുന്പോൾ ഇനിയൊരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ഐഎസ്എൽ ആദ്യ സീസണിൽ മഞ്ഞപ്പടയുടെ ഗോൾകീപ്പറും മാർക്കീ താരവും മാനേജരുമൊക്കെയായിരുന്ന ഡേവിഡ് ജയിംസ് വീണ്ടുമെത്തിയതോടെ പ്ലേഓഫ് കടന്പ കടക്കാമെന്നുള്ള പ്രതീക്ഷയുടെ നാന്പുകൾ തളിർത്തുതുടങ്ങിയിട്ടുണ്ട്. ഒന്നാം സീസണിൽ ഫൈനലിലെത്തിയതിന്റെ ഓർമകളിൽ അന്ന് ഒപ്പമുണ്ടായിരുന്ന ജിങ്കനെയും ഇയാൻ ഹ്യൂമിനെയും കൂട്ടുപിടിച്ചു വീണ്ടും കലാശപോരാട്ടം സാധ്യമാക്കാൻ മുൻ ഇംഗ്ലീഷ് താരത്തിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വിനീത് തിരിച്ചെത്തും
ഒരു മത്സരംകൊണ്ടു തന്നെ ആരാധകരുടെ സൂപ്പർ ഹീറോ ആയി മാറിയ ഉഗാണ്ടയിൽനിന്നുള്ള കെസിറോണ് കിസിറ്റോയിലാണ് ഇന്നത്തെ പോരാട്ടത്തിൽ എല്ലാ കണ്ണുകളും. ഭാവനയറ്റു കിടക്കുന്ന മഞ്ഞപ്പടയുടെ മധ്യനിരയ്ക്കു കുതിപ്പിലേക്കുള്ള വെളിച്ചമാണു കിസിറ്റോ തെളിച്ചത്.
പൂനയ്ക്കെതിരേ നിർണായകമായ സമനില ഗോൾ സ്വന്തമാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രവും കിസിറ്റോയായിരുന്നു. മികച്ച മുന്നേറ്റനിരയുണ്ടെങ്കിലും മധ്യനിരയുടെ പോരായ്മകൊണ്ടു തളർന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ കിസിറ്റോയുടെ പ്രകടനം നിർണായകമാവും. പരിക്കേറ്റു കഴിഞ്ഞ രണ്ടു മത്സരങ്ങളായി പുറത്തിരിക്കുന്ന സി.കെ. വിനീത് വിംഗിലേക്കു തിരിച്ചെത്തുന്നതും മഞ്ഞപ്പടയ്ക്ക് ആശ്വാസം നൽകുന്ന ഘടകമാണ്.
അഞ്ചു വിദേശതാരങ്ങളെയാണ് ഒരേസമയം ഐഎസ്എലിൽ ടീമുകൾക്കു കളത്തിലിറക്കാനാകുക. കറേജ് പെക്കൂസണ്, മാർക്കോസ് സിഫ്നിയോസ്, ഇയാൻ ഹ്യൂം, കെസിറോണ് കിസിറ്റോ എന്നീ താരങ്ങൾ കഴിഞ്ഞ കളിയിൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. പ്രതിരോധ നിരയിൽ സസ്പെൻഷനിലായ നെമാൻജ ലാകിക് പെസിക്കിനു പകരം സെന്റർ ബാക്ക് ആയി ഇറങ്ങിയ വെസ് ബ്രൗണിൽനിന്നും ഭേദപ്പെട്ട പ്രകടനമുണ്ടായി.
പ്ലേമേക്കർ റോളിലെത്തിയ ദിമിതർ ബെർബറ്റോവ് മാത്രമാണു നിരാശപ്പെടുത്തിയത്. സസ്പെൻഷൻ മാറി പെസിക്കിനു തിരിച്ചുവരാൻ സാധിക്കുമെന്നതിനാൽ ആരെയൊക്കെ കളിപ്പിക്കണമെന്ന കാര്യത്തിൽ ഡേവിഡ് ജയിംസിനു ഏറെ ആലോചനകൾ നടത്തേണ്ടിവരില്ല. തന്റെ പൊസിഷനിൽ ഇതുവരെ കളിക്കാൻ അവസരം കിട്ടാത്ത ബെർബ നിരാശപ്പെടുത്തിയെന്നു പറയുന്നതിൽ അർഥമില്ലെന്നു ബൾഗേറിയൻ താരത്തിന്റെ സ്കോറിംഗ് മികവ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്തു കണ്ടിട്ടുള്ള ഡേവിഡ് ജയിംസിന് അറിയുകയും ചെയ്യാം.
കിതയ്ക്കുന്ന ഡൈനാമോസ്
ദുരിതത്തിലൂടെയാണു ഡൽഹി ഡൈനാമോസ് കടന്നു പോകുന്നത്. ആദ്യ മത്സരത്തിൽ എഫ്സി പൂന സിറ്റിയെ തോൽപ്പിച്ചതിന്റെ ആവേശത്തിൽ മുന്നോട്ടുള്ള കുതിപ്പ് സ്വപ്നം കണ്ട ഡൽഹിക്കു പിന്നീടുള്ള ഏഴു മത്സരങ്ങളിലും വിജയം നേടാൻ സാധിച്ചിട്ടില്ല. കൂടാതെ, ഏഴു കളിയിൽ ആറും പരാജയങ്ങളാണെന്നതു മിഗ്വേൽ ഏഞ്ചൽ പോർച്ചുഗിന്റെ കീഴിൽ പരിശീലനത്തിലിറങ്ങുന്ന ഡൈമാനോസിന്റെ സാധ്യതകളെല്ലാം അടയ്ക്കുന്നു. അവസാന മത്സരത്തിൽ ചെന്നൈയിന്റെ കരുത്തിനെ മറികടന്നു സമനില പിടിക്കാനായതു മാത്രമാണു ഡൽഹിയുടെ നേട്ടം. വിജയവഴിയിൽ എങ്ങനെയെങ്കിലും തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെയാണു സ്വന്തം കാണികൾക്കു മുന്നിൽ അവർ ബൂട്ടുകെട്ടുന്നത്.
രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയ കാലു ഉച്ചെ ഒഴിച്ചുള്ള താരങ്ങൾക്കാർക്കും ഡൽഹി നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.
ബിബിൻ ബാബു.