കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്ക് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു.
വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഔഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.