തൃശൂർ: താരങ്ങളെ തേടി സംവിധായകൻ കലോത്സവ വേദിയിൽ. ഹോളിവുഡിലെ പ്രമുഖ സംവിധായകൻ സോഹൻ റോയിയാണു തന്റെ പുതിയ ഹോളിവുഡ് സിനിമയായ ബേണിംഗ് വെൽസിലേക്കു കലാപ്രതിഭകളെയും കലാകാരൻമാരെയും ക്ഷണിക്കാനായി മത്സരവേദിയിൽ എത്തിയത്.
പുതിയ സിനിമയിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിനൊപ്പം മറ്റു മേഖലകളിലേക്കും അദ്ദേഹം കുട്ടികളെ ക്ഷണിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് പ്രധാന വേദിയായ നീർമാതളത്തിലും മീഡിയാ സെന്ററിലുമെത്തിയ സോഹൻ റോയി മാധ്യമപ്രവർത്തകരോടു കലോത്സവ വിശേഷങ്ങൾ പങ്കുവച്ചു. വേദി ഒന്നിൽ നടന്ന തിരുവാതിര മത്സരവും കണ്ടതിനുശേഷമാണ് സോഹൻ മടങ്ങിയത്.
ഹൈദരാബാദിൽ നടക്കുന്ന നാലാമതു ഇൻഡിവുഡ് ഫിലിം കാർണിവലിൽ പങ്കെടുക്കാനുള്ള അവസരത്തെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംസാരിച്ചു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമാണ് സോഹൻ റോയി.