കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ത്യ നിര്‍ണായകമായ സെഞ്ചൂറിയനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍ പല മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.
ഓപ്പണിംഗില്‍ ശിഖര്‍ ധവാന് ഇറങ്ങുമോയെന്ന കാര്യത്തില്‍ സംശയമാണ്. കെ.എല്‍. രാഹുലിനു പകരമാണ് ധവാന് മുരളി വിജയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. എന്നാല്‍ ധവാന്-വിജയ് സഖ്യത്തിന് രണ്ട് ഇന്നിംഗ്സിലുമായി 16ഉം 30മാണ് നേടാനായത്. ധവാന്റെ മികവാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഓഫ് സൈഡിലുള്ള പന്തുകള്‍ കളിക്കാന്‍ താരം ബുദ്ധിമുട്ടുന്നു.
2013ലെ ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു ടെസ്റ്റാണ് നടന്നത്. വാണ്ടറേഴ്സില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിനു ജയിച്ചു. രണ്ടു മത്സരത്തിലും ധവാന്-വിജയ് കൂട്ടുകെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഡര്‍ബനില്‍ വിജയ് 97 റണ്‍സ് എടുത്തപ്പോള്‍ ധവാന് മികച്ച സ്കോര്‍ നേടാനായില്ല.
2010-11ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലും വിജയ് ടീമിലുണ്ടായിരുന്നു. 10 വര്‍ഷമായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗമായ വിജയ് 54 ടെസ്റ്റ് കളിച്ചു. കഴിഞ്ഞ രണ്ടു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും വിജയുണ്ടായിരുന്നു. ലൈന്‍ പുറത്തു പിച്ച് ചെയ്യുന്ന പന്തുകളും ടൈമിംഗിലെ പോരായ്മയും തെറ്റായ ചുവടുകളിൽ സ്ട്രോക്കെടുക്കുന്നതുമാണ് വിജയ്ക്കു വിനയാകുന്നത്.
ദക്ഷിണാഫ്രിക്കയുടെ മാരകമായ പേസിനെ നേരിടാന്‍ ധവാനാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇതുകൊണ്ടാണ് അടുത്ത മത്സരത്തില്‍ രാഹുല്‍ കളിക്കാന്‍ സാധ്യതകള്‍ ഉയരുന്നത്.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഈ കര്‍ണാടക ഓപ്പണര്‍ മികവ് തെളിയിച്ചതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ രാഹുല്‍ റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു.