2018 ല്‍ എല്ലാ ട്രെയിനുകളിലും ബയോടോയ്‌ലറ്റ്! ഇന്ത്യന്‍ റെയില്‍വേ പ്രതിവര്‍ഷം 42 കോടിയുടെ ചാണകം വാങ്ങുന്നു; ലക്ഷ്യം ടോയ്‌ലറ്റ് മാലിന്യങ്ങള്‍ വളമാക്കി മാറ്റല്‍

പറയുമ്പോള്‍ ചിലപ്പോള്‍ അതിശയം തോന്നും. പക്ഷേ ഇത് വാസ്തവമാണ്. റെയില്‍വേക്ക് ഇനിമുതല്‍ ഒരു വര്‍ഷം 42 കോടി രൂപയുടെ ചാണകം ആവശ്യമുണ്ടത്രേ. ബയോടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് അത്. ഇന്ത്യന്‍ റെയില്‍വേ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു.

ഇതുവരെ 44.8% ട്രെയിനുകളില്‍ ഇത് സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേസ്‌റ്റേഷനുകളും, ലൈനുകളും മാലിന്യമുക്തമാക്കാനുള്ള പ്രകൃതി സൗഹൃദ കക്കൂസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇപ്പോള്‍ നിര്‍മ്മിക്കുകയാണ്.

2018 ല്‍ എല്ലാ ട്രെയിനുകളിലും സമ്പൂര്‍ണ്ണ ബയോടോയ്‌ലറ്റുകള്‍ എന്നതാണ് ലക്ഷ്യമിടുന്നത്. ചാണകം റീചാര്‍ജ് ചെയ്ത 60 ലിറ്റര്‍ ലായനി ഓരോ ബയോടോയ്‌ലറ്റിനും ആവശ്യമുണ്ട്. ഇതിലുള്ള ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം ടോയ്‌ലെറ്റ് മാലിന്യങ്ങള്‍ വളമായി മാറപ്പെടുകയാണ്. 2016 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വേ 3600 കിലോ ചാണകം 68400 രൂപയ്ക്ക് വാങ്ങിയിരുന്നു.

ചാണകത്തില്‍ നിന്നുണ്ടാക്കുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം കക്കൂസ് മാലിന്യം, വെള്ളവും മീഥേനുമായി മാറ്റപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷതയും കണ്ടുപിടിത്തവും. ഈ പ്രത്യേകതരം ബാക്ടീരിയ കണ്ടുപിടിച്ചത് 2005 ല്‍ അന്റാര്‍ട്ടിക്കയില്‍ ഒരു ശാസ്ത്രജ്ഞനായിരുന്നു.

2007 ല്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിസേര്‍ച്ച് വിംഗ് (DRDO) ഇതിന്റെ കൂടുതല്‍ വികസിത മോഡല്‍ കണ്ടുപിടിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. അതാണ് ഇപ്പോള്‍ ട്രെയിനുകളില്‍ നടപ്പാക്കാന്‍ പോകുന്നതും.

ഇപ്പോള്‍ ചാണകത്തില്‍ നിന്ന് ഈ ബാക്ടീരിയ തയ്യാറാക്കാനുള്ള റെയില്‍വേയുടെ ഫാക്ടറി നാഗ്പൂരിലാണുള്ളത്. 30 ലിറ്റര്‍ ബാക്ടീരിയ ഒരു മാസം ഇവിടെ തയ്യാറാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതേ ഫാക്റ്ററികള്‍ പെരാമ്പൂരിലും കപൂര്‍ത്തലയിലും സ്ഥാപിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

98,000 ബയോടോയ്‌ലറ്റുകള്‍ക്കായി 3350 ടണ്‍ ചാണകമാണ് 2018 ല്‍ റെയില്‍വേക്ക് ആവശ്യമായി വരുക. ഇതിന്റെ വില ഏകദേശം 42 കോടി രൂപാ വരും. ഇത് ഓരോ വര്‍ഷവും അളവ് കൂടിക്കൂടി വരുകയും ചെയ്യും.

 

Related posts