തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് താൻ ഹെലിക്കോപ്റ്റർ യാത്ര നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടി യോഗത്തിൽ പോകാൻ താൻ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും നിയമപരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളുവെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
നേരത്തെ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം ചെലവഴിച്ച് ഹെലിക്കോപ്റ്റർ യാത്ര നടത്തിയിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഹെലിക്കോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽനിന്നു തിരുവനന്തപുരത്തേക്കും തിരികെ മടങ്ങാനുമാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയും അന്നു നിശ്ചയിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി മണിക്കൂറുകൾക്കുള്ളിൽ തൃശൂരിലേക്ക് ഇതേ ഹെലികോപ്റ്ററിൽ മടങ്ങുകയും ചെയ്തു.
ഇതിനായി ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള തുകയിൽനിന്ന് എട്ടു ലക്ഷം രൂപ അനുവദിച്ചതു വിവാദമായതിനു പിന്നാലെ ഉത്തരവു റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതെന്നായിരുന്നു ഇതിനുള്ള ന്യായീകരണം.