ആരെയും ആരുമായും താരതമ്യം ചെയ്യരുത്! അവര്‍ക്ക് അവരുടേതായ ഇടം കൊടുക്കണം; താരങ്ങളെ വിലയിരുത്തുമ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഷെയ്ന്‍ നിഗം പറയുന്നിങ്ങനെ

ശക്തനായ ഒരു ഗോഡ്ഫാദര്‍ ഉണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ സ്വന്തം അധ്വാനത്തിലൂടെ സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ അഭിനേതാവാണ് അന്തരിച്ച മിമിക്രി താരം അബിയുടെ മകന്‍ ഷെയ്ന്‍ നിഗം. അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായി എന്നു മാത്രമല്ല, അഭിനയ മികവുകൊണ്ട് അബിയുടെയല്ലേ മകന്‍ എന്ന് ആളുകളെക്കൊണ്ട് പറയിക്കാനും ഷേയിനിന് കഴിഞ്ഞു. എന്നാല്‍ തന്റെ ആരാധകര്‍ തന്നെ വിലയിരുത്തുന്നതില്‍ ചില അപാകതകളുണ്ടെന്ന് തുറന്നു പറയുകയാണ് ഷേയ്ന്‍. അതേക്കുറിച്ച് ഒരഭിമുഖത്തിനിടെ ഷേയ്ന്‍ ആരാധകരോട് മനസ് തുറക്കുകയും ചെയ്തു. അതിങ്ങനെയായിരുന്നു…

മലയാള സിനിമയില്‍ സിനിമാ താരങ്ങളെയെന്നല്ല ആരെയും ആരുമായും താരതമ്യം ചെയ്യരുത്. ആരായാലും അവര്‍ക്കൊരു ഇടം കൊടുക്കണം. ഫഹദ് ഫാസിലുമായുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷെയ്ന്റെ മറുപടി. ഫഹദിക്ക ഞാന്‍ ഏറ്റവും ആദരിക്കുന്ന ആളാണ്. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകള്‍ കണ്ടതിനുശേഷം ഫഹദിക്കയുടെ കടുത്ത ആരാധകന്‍ ആയതാണ്. എന്നെ അദ്ദേഹത്തെപ്പോലെ നിങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ ആരേയും ആരുമായും താരതമ്യം ചെയ്യരുത്. അവര്‍ക്ക് അവരുടെ ഇടം കൊടുക്കണം. ഇത് എന്റെ അപേക്ഷയാണ്. ഷെയ്ന്‍ പറഞ്ഞു. താന്‍ അഭിനയിച്ച സിനിമയിലെ പല ഭാഗങ്ങളും പിന്നീട് കണ്ടപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ഓരോന്നായി ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഷെയ്ന്‍ പറയുന്നു.

നല്ല സിനിമകളില്‍ അഭിനയിക്കണം. ഒരു പടം കഴിഞ്ഞ് അടുത്ത പടം എന്ന മട്ടില്‍ അഭിനയിച്ചാല്‍ ഒരു യന്ത്രത്തെ പോലെ പ്രവര്‍ത്തിക്കേണ്ടി വരും. അപ്പോള്‍ ഒരു ക്രിയേറ്റിവിറ്റി ഉണ്ടാകില്ല. എനിക്ക് തന്നെ അത് ഇടയ്ക്ക് അനുഭവപ്പെടാറുണ്ട്. നമ്മള്‍ ഇഷ്ടപ്പെട്ട് ജോലി ചെയ്യണം. എങ്കിലേ സന്തോഷം ഉണ്ടാവൂ. അത്രയ്ക്കും അനുയോജ്യമായ പടത്തിലേ അഭിനയിക്കുന്നുള്ളൂവെന്നും താരം പറയുന്നു. ഒരു അഭിനേതാവാകണം എന്ന് ഉള്ളില്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതു പുറത്തു പറഞ്ഞിട്ടില്ല. എനിക്കിപ്പോഴും ആഗ്രഹം ഛായാഗ്രഹണം പഠിക്കാനാണ്. കുറച്ച് വര്‍ക്കുകള്‍ ചെയ്യണമെന്നുണ്ട്.

ചെറുപ്പം മുതലുള്ള ആഗ്രഹം അതായിരുന്നു. വാപ്പച്ചിക്ക് പോലും സിനിമയില്‍ അവസരമില്ലാതിരുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ ആഗ്രഹിക്കുന്ന ആള്‍ സംവിധാനം ചെയ്യുന്ന പടത്തില്‍ നായകനായി അഭിനയിക്കുക എന്നാല്‍ അന്ന് അസാധ്യമായ കാര്യമാണ്. എന്റെ പേര് രാജീവ് സാറിനോട് പറഞ്ഞത് സൗബിക്കയാണ്. രാജീവ് സാറിനോടും സൗബിക്കയോടുമാണ് സിനിമയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും. ഷെയ്ന്‍ പറയുന്നു.

 

Related posts