ശബരിമല: ദേവസ്വം മെസിൽ ചമ്മന്തി നൽകിയില്ലെന്നു പറഞ്ഞ് താത്കാലിക ജീവനക്കാരനെ ദേവസ്വം ഉദ്യോഗസ്ഥൻ മർദിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കേപറന്പിൽ വിശ്വനാഥനെയാണ് വർക്കല നാവായിക്കുളം ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫീസറും സന്നിധാനത്തെ ടെന്പിൾ അസിസ്റ്റന്റ് സ്പെഷൽ ഓഫീസറുമായ വർക്കല ശശി ഇന്നലെ രാത്രി മർദിച്ചത്.
ഇയാൾക്ക് ഇന്നലെ രാത്രി നൽകിയ ഭക്ഷണത്തിൽ ചമ്മന്തി ഇല്ലായിരുന്നുവെന്നു പറഞ്ഞാണ് മെസിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന വിശ്വനാഥനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. മർദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിശ്വനാഥൻ സന്നിധാനം പോലീസിനും ദേവസ്വംബോർഡിലും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല ശശിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ ഇന്നലെ രാത്രിതന്നെ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഉത്തരവിട്ടു. ഇയാളുടെ പേരിൽ സന്നിധാനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്ഐ ബി.വിനോദ്കുമാർ പറഞ്ഞു.