നരേന്ദ്ര മോദിയും അമിത്ഷായും കാണാന്‍ അനുമതി നല്‍കുന്നില്ല! ഇനി പറയേണ്ടതെല്ലാം പൊതുജനങ്ങളോടാണ് പറയാന്‍ പോവുന്നത്; ഭീഷണിയുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്നും ഇനി പറയാനുള്ളത് പൊതുവായി തുറന്നു പറയുമെന്നും ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും താന്‍ ഇനി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

13 മാസങ്ങള്‍ക്കു മുന്‍പാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടിയത്. എന്നാല്‍ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരെയും ഇനി കാണില്ല. തന്റെ വീക്ഷണങ്ങള്‍ പൊതുവായി അവതരിപ്പിക്കും’ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും സര്‍ക്കാരുകളെ താരതമ്യം ചെയ്ത യശ്വന്ത് സിന്‍ഹ ഇന്നത്തെ ബി.ജെ.പി മുന്‍ ബി.ജെ.പി സര്‍ക്കാരുകളെ പോലെയല്ലെന്നും പറഞ്ഞു.

ഒരു ചെറിയ പ്രവര്‍ത്തകനും ഡല്‍ഹിയില്‍ പോയി അനുമതി ഇല്ലാതെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്വാനിയെ അന്നു കാണാമായിരുന്നെന്നും എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ‘ഇന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി പ്രസിഡന്റിനെ കാണാന്‍ അനുമതി ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ 13 മാസമായിട്ടും എനിക്ക് അനുമതി ലഭിക്കാത്തതില്‍ വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല.’ അദ്ദേഹം പറഞ്ഞു.

ഞാനിപ്പോള്‍ സര്‍ക്കാരുമായി ഒന്നും സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുയാണ്. രാജ്യത്തെ കര്‍ഷകര്‍ അവഗണിക്കപ്പെടുകയാണ്. മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ അത്ര നല്ലരീതിയിലല്ല പോകുന്നത്.’ സിന്‍ഹ പറഞ്ഞു. തത്സ്ഥിതി തുടര്‍ന്നാല്‍ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും അത് ബിജെപി സര്‍ക്കാരിന് അത്ര നല്ലതായിരിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.

 

Related posts