പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന് ആട്-2വില്‍ ഷാജി പാപ്പനും കൂട്ടുകാര്‍ക്കുമൊപ്പം ഒരാള്‍ കൂടി കൈയ്യടികള്‍ വാരിക്കൂട്ടി- സിനിമയിലെ വില്ലന്‍ അണലി സാബു. ഡാന്‍സ് നമ്പരും പഞ്ച് ഡയലോഗുകളുമായി ആ അണലിയും അണലിയായി എത്തിയ ആന്‍സണ്‍ പോളും പ്രേക്ഷക മനസില്‍ കയറിപ്പറ്റി.
ആദ്യ ചിത്രം കെക്യു ആയിരുന്നെങ്കിലും സു… സു… സുധീവാത്മീകം എന്ന സിനിമയിലെ വിജയ് ബാബുവായാണ് ആന്‍സണെ പ്രേക്ഷകര്‍ക്കു പരിചയം. കഥാപാത്രമായി മാറാന്‍ ആ യുവനടന്‍ എടുത്ത കഠിനാധ്വാനവും അദ്ദേഹത്തിന്റെ അഭിനയവും ആ പേര് പ്രേക്ഷകര്‍ ശ്രദ്ധിക്കാനുള്ള കാരണമായി. പിന്നീട് അയാള്‍ എത്തിയത് ഊഴത്തില്‍ പൃഥ്വിരാജിന്റെ വില്ലനായിട്ടായിരുന്നു. ഹാന്‍ഡ്‌സം വില്ലനെ കണ്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ പറഞ്ഞു ‘പയ്യന്‍ തരക്കേടില്ലല്ലോ’ എന്ന്. സോളോയില്‍ കണ്ടപ്പോള്‍ കുറ്റബോധത്താല്‍ നീറി നീറി മരണത്തിലേക്കു കടന്നു പോയ ജസ്റ്റിനായി അയാള്‍ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
രൂപത്തിലും ഭാവത്തിലും തനി ബോളിവുഡ് സ്‌റ്റൈല്‍. പക്ഷേ അഭിനയത്തില്‍ മലയാളത്തിലെ മറ്റേത് യുവനടനോടും കിടപിടിക്കാന്‍ പറ്റുന്ന സ്വാഭാവികത. ഇതുവരെ ചെയ്ത സിനിമകളിലെ മെട്രോ മാന്‍ ലുക്കില്‍ നിന്നു വ്യത്യസ്തമായി തനി നാടന്‍ ലുക്കിലാണ് ആട്-2വില്‍ ആന്‍സണ്‍ പ്രത്യക്ഷപ്പെട്ടത്. അണലി സാബുവിന് തിയറ്ററുകളില്‍ കിട്ടുന്ന കൈയ്യടിയും ആര്‍പ്പുവിളിയും മലയാള സിനിമാ ലോകത്ത് ആന്‍സണ്‍ സ്ഥാനം ഉറപ്പിച്ചു എന്നതിന്റെ തെളിവാണ്. അണലി സാബുവിനു കിട്ടുന്ന സ്വീകാര്യതയുടെ സന്തോഷവും സിനിമാ വിശേഷങ്ങളും ആന്‍സണ്‍ പങ്കുവയ്ക്കുന്നു.
ഫാന്‍സി ഡ്രസ് വേദികളിലെ താരം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള ഫാന്‍സി ഡ്രസ് മത്സരം നടക്കുകയാണ്. ചാച്ചാജിയായും മഹാത്മജിയായും മദര്‍ തെരേസയായുമെല്ലാം കുട്ടികള്‍ വേദിയിലെത്തി. പെട്ടെന്നു കുട്ടികള്‍ മുന്നിലേക്കു സാക്ഷാല്‍ ലേഡി ഡയാന കടന്നു വന്നു. വേദിയില്‍ നിലക്കാത്ത കൈയ്യടി ഉയര്‍ന്നു. കുട്ടിക്കാലത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ആന്‍സണ്‍ന്റെ വാക്കുകളില്‍ കുട്ടിത്തം നിറഞ്ഞു. ‘ചെന്നൈ ബാലലോക് സ്‌കൂളില്‍ ആയിരുന്നു പഠനം. ചെറുപ്പം മുതല്‍ തന്നെ മറ്റു വ്യക്തിത്വങ്ങളിലേക്കു കടന്നു കൂടാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പരിപാടി കഴിഞ്ഞു കുറച്ചു നാളത്തേക്കു ആ പേരിലാകും കൂട്ടുകാരും അധ്യാപകരും ഒക്കെ വിളിക്കുക. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്. ആദ്യം എല്ലാവര്‍ക്കും ഞാന്‍ വിജയ് ബാബുവായിരുന്നു. പിന്നെ ജസ്റ്റിനായി, ഇപ്പോള്‍ അണലി.’ സ്വന്തം പേരിനേക്കാള്‍ കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നതാണു സന്തോഷമെന്ന് ആന്‍സണ്‍ പറയുന്നു.
വഴിത്തിരിവായത് അനുപം ഖേറും ആദിശക്തിയും
മകനെ എന്‍ജിനീയര്‍ ആയി കാണാനായിരുന്നു അച്ഛന്‍ പോള്‍ ഐനിക്കലിന്റേയും അമ്മ ആനിയുടേയും ആഗ്രഹം. അവരുടെ ഇഷ്ടത്തിനൊത്ത് ആന്‍സണ്‍ എന്‍ജീനിയറിംഗ് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സിനിമ എന്ന തന്റെ സ്വപ്‌നം കൈപ്പിടിയില്‍ ഒതുക്കാന്‍ ആന്‍സണ്‍ അന്നേ പരിശ്രമിക്കുന്നുണ്ടായിരുന്നു. പഠന കാലത്ത് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു സ്വരുക്കൂട്ടിയ പണം നല്‍കി ആന്‍സണ്‍ അനുപം ഖേര്‍ സ്‌കൂള്‍ ഓഫ് ആക്ടേഴ്‌സില്‍ ചേര്‍ന്നു. അവിടെ നിന്നുള്ള അറിവുകളുമായി ആന്‍സണ്‍ എത്തിയത് അഭിനയത്തിന്റെ വിശാല ലോകത്തേക്ക്- ആദിശക്തി തിയറ്റര്‍ ഗ്രൂപിലേക്ക്. അഭിനയത്തിന്റെ വിശാല തലങ്ങള്‍ പഠിച്ചത് ആദിശക്തിയില്‍ നിന്നാണെന്ന്് ആന്‍സണ്‍ പറയുന്നു.
സ്വപ്‌നങ്ങള്‍ക്കു കുട പിടിച്ചത് മമ്മ
‘പാഷനു പിന്നാലെ പോണോ അതോ പ്രഫഷന്‍ വേണോ എന്നു തീരുമാനിക്കാനാകാതെ നിന്നപ്പോള്‍ മമ്മയാണ് പറഞ്ഞത് മനസു പറയുന്നതു പോലെ ചെയ്യാന്‍’ കുടുംബ സുഹൃത്തും വളര്‍ത്തമ്മയുമായ മോര്‍ഗന്‍ വെറ്റര്‍ഗ്രനെക്കുറിച്ചു പറയുമ്പോള്‍ ആന്‍സണിനു നൂറു നാവാണ്. ‘കുടുംബ സുഹൃത്താണ് മമ്മ. കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നതും മമ്മ തന്നെ. സിനിമ പശ്ചാത്തലം ഒന്നും ഇല്ലാതെ ഈ രംഗത്തേക്കു കടന്നു വന്നപ്പോള്‍ ഞാന്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടു. അവിടെയെല്ലാം എനിക്കു ധൈര്യം പകര്‍ന്നത് മമ്മയാണ്’.
സംവിധായകന്‍ ആകാനെത്തി നായകനായി
‘അഭിനയത്തേക്കാള്‍ എനിക്കിഷ്ടം സംവിധാനമായിരുന്നു. അങ്ങനെയാണ് ബൈജു എഴുപ്പുന്നയുടെ ചിത്രമായ കെക്യുവില്‍ ഞാന്‍ സഹസംവിധായകനായി എത്തിയത്. പക്ഷേ അവസാനം എനിക്ക് സിനിമയില്‍ നായക വേഷം ചെയ്യേണ്ടി വന്നു. അപ്പോഴാണ് എനിക്കു മനസിലായത്, സംവിധായകന്‍ എന്നതിനപ്പുറം എന്റെയുള്ളില്‍ ഉള്ളത് ഒരു നടനാണെന്ന്’ ആദ്യ സിനിമയുടെ ത്രില്‍ ഇന്നും ആന്‍സണ്‍ന്റെ വാക്കുകളില്‍ നിറയുന്നു. എത്രതന്നെ കഷ്ടപ്പെട്ടാലും ഒടുവില്‍ നമ്മുടെ പാഷന്‍ സ്വന്തമാക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ അനുഭവിച്ചറിയേണ്ടതാണെന്നാണ് ആന്‍സണ്‍ന്റെ അഭിപ്രായം.
റെമോയിലൂടെ തമിഴിലേക്ക്
റെമോ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രഭു രാമചന്ദ്രന്‍ വഴിയാണ് ആന്‍സണ്‍ തമിഴിലേക്കു ചുവടുവച്ചത്. വില്ലനായിട്ടായിരുന്നു അരങ്ങേറ്റമെങ്കിലും അദ്ദേഹത്തിന്റെ ഡോ. വിശ്വ എന്ന കഥാപാത്രത്തെ തമിഴ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ‘കുട്ടിക്കാലവും പഠനവുമൊക്കെ ചെന്നൈയില്‍ ആയിരുന്നതു കൊണ്ട് ഭാഷ എനിക്കൊരു വെല്ലുവിളി ആയിരുന്നില്ല. പക്ഷേ അഭിനയത്തിലേക്കു വരുമ്പോള്‍ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും ആദിശക്തിയിലെ പരിശീലനത്തിലൂടെ അതും നന്നായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു’ ആന്‍സണ്‍ പറഞ്ഞു.
ആട്-2വിലേക്കുള്ള ക്ഷണം
ആട് ഒരു ഭീകരജീവി തിയറ്ററില്‍ ഇരുന്നു കണ്ട ആന്‍സണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സുപ്രധാന വേഷത്തിലാണ് എത്തുന്നത്. നിര്‍മാതാവ് വിജയ് ബാബുവാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട്-2വിലേക്ക് ആന്‍സണെ ക്ഷണിക്കുന്നത്. മുടി നീട്ടി വളര്‍ത്തി, പാക്കും ചവച്ച്, ലുംഗിയും മടക്കിക്കുത്തി നടക്കുന്ന അണലി സാബു എന്ന ഗുണ്ട ആട് ആരാധകര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട കഥാപാത്രമായി മാറി. ‘ഞാനുള്‍പ്പടെയുള്ള സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന ചിത്രമാണ് ആട്-2. അപ്പോള്‍ അതിലേക്ക് എത്താന്‍ സാധിച്ചതില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരുതരം എക്‌സൈറ്റ്‌മെന്റായിരുന്നു. ചിത്രം റിലീസായി ആദ്യ ദിവസം ഞാന്‍ തിയറ്ററില്‍ പോയിരുന്നു. ഡാന്‍സിനും ഡയലോഗുകള്‍ക്കുമൊക്കെ മികച്ച പ്രതികരണമാണു കിട്ടയതെങ്കിലും ആദ്യമൊന്നും എന്നെ ആരും തിരിച്ചറിഞ്ഞില്ല. അല്‍പം വിഷമം തോന്നിയെങ്കിലും പിന്നീട് അതെനിക്കു വലിയ ആത്മവിശ്വാസം തന്നു. കാരണം അതെന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്് എനിക്കു മനസിലായി.’ സിനിമ കണ്ടിറങ്ങിയവരില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും ആന്‍സണ്‍ പറഞ്ഞു.
അണലിക്കിഷ്ടം പാപ്പാനോട്
സിനിമയില്‍ അണലി സാബുവും ഷാജി പാപ്പനും ഉടക്കിലാണെങ്കിലും പുറത്തു രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ‘ഫിലിം ഫെയര്‍ മാഗസിന്റെ അവാര്‍ഡ് ചടങ്ങില്‍വെച്ചാണ് ആദ്യമായി ജയേട്ടനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം സൗഹൃദമായി വളര്‍ന്നു. ഇപ്പോള്‍ അദ്ദേഹം എനിക്കു സഹോദരതുല്ല്യനാണ്. പരിചയപ്പെട്ട് മൂന്നു മാസം കഴിഞ്ഞുകാണും. പെട്ടെന്നൊരു ദിവസം ജയേട്ടന്റെ കോള്‍ വന്നു. സു…സു… സുധിവാത്മീകത്തില്‍ ഒരു വേഷമുണ്ടെന്നു പറഞ്ഞാണു വിളിച്ചത്. പക്ഷേ എന്നെ നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ രഞ്ജിയേട്ടന്‍ പറഞ്ഞു, ‘എന്റെ കഥാപാത്രം 40 വയസിനു മുകളില്‍ പ്രായമുള്ള ആളാണ്’. എന്തു ചെയ്യണം എന്ന് ആലോചിച്ചു നിന്നപ്പോള്‍ ജയേട്ടന്‍ തോളില്‍ തട്ടി വളരെ കൂളായി പറഞ്ഞു, ‘തടി കൂട്ടിയാല്‍ മതി. ഈ വേഷം നിനക്കു പറ്റും’. അന്നു മുതല്‍ എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒക്കെ ഞാന്‍ ജയേട്ടനെ വിളിക്കാറുണ്ട്. എത്ര തിരക്കിനിടയിലും നമുക്കു വേണ്ടി സമയം കണ്ടെത്താന്‍ തയാറാകും എന്നതു തന്നെ വലിയ കാര്യമല്ലേ?’ ആന്‍സണ്‍ന്റെ വാക്കുകളില്‍ സ്‌നേഹത്തിനപ്പുറം ജയസൂര്യയോടുള്ള ബഹുമാനം നിറയുന്നു.
കല, വിപ്ലവം, പ്രണയം
ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന കല, വിപ്ലവം, പ്രണയം എന്ന ചിത്രത്തില്‍ ജയന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്‍സണ്‍ ആണ്. ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ശ്രമങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. പേരു പോലെ തന്നെ കലയ്ക്കും വിപ്ലവത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തില്‍ ഗായത്രി സുരേഷാണു നായിക.
മെഗാ സ്റ്റാറിനൊപ്പം
ഷാജി പാലൂര്‍ സംവിധാനം ചെയ്യുന്ന ഏബ്രഹാമിന്റെ സന്ധതികള്‍ എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് ആന്‍സണ്‍ എത്തുന്നത്. ‘കുട്ടിക്കാലം മുതല്‍ താര രാജക്കന്മാരുടെയൊക്കെ സിനിമകള്‍ കണ്ടാണു ഞാന്‍ വളര്‍ന്നത്. ആ എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ ഭാഗ്യമാണ്. കണ്ട സിനിമകളൊക്കെ ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. എന്റെയുള്ളിലെ സിനിമാ പ്രേമിയെ ഇതു വളരെയധികം സഹായിച്ചിട്ടുണ്ട്’. ആന്‍സണ്‍ പറഞ്ഞു.
സ്വപ്‌നം കണ്ടതൊക്കെ കൈയ്യെത്തും ദൂരത്തെത്തിയ കുട്ടിയുടെ കൗതുകത്തോടെയാണ് ആന്‍സണ്‍ന്റെ ഓരോ വാക്കുകളും. ഉള്ളില്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍, നാം പരിശ്രമിക്കാന്‍ തയാറാണെങ്കില്‍ സാധ്യമാകാത്തതായി ഒന്നുമില്ല എന്ന പക്ഷക്കാരനാണ് ആന്‍സണ്‍.
അഞ്ജലി അനില്‍കുമാര്‍