ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചൂറിയനില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്കു സാധ്യത. ഒന്നാം ടെസ്റ്റില്‍ പരാജയമായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.
രാഹുല്‍ മുരളി വിജയ്ക്കൊപ്പം സെഞ്ചൂറിയനില്‍ ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബൗളിംഗില്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബുംറയ്ക്കു പകരം പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് ഒരവസരംകൂടി നല്‍കാനും സാധ്യതകളുണ്ട്. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ആദ്യ ടെസ്റ്റിന്റെ ടീം സെലക്ഷനില്‍ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും നെറ്റിചുളിച്ചിരുന്നു. കേപ്ടൗണ്‍ ടെസ്റ്റ് വെറും നാലു ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ നായകന് വിരാട് കോഹ്ലിയുടെ ടീമും അവരുടെ പ്രകടനവും വിമര്‍ശനമേറ്റുവാങ്ങി. കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിക്കാന്‍ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര 72 റണ്‍സിനു തോറ്റു. ഇതില്‍ മൂന്നാം ദിനം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയിരുന്നു.
പരിചയസമ്പന്നരായ പേസ് ബൗളര്‍മാര്‍ ഇഷാന്ത് ശര്‍മയെയും ഉമേഷ് യാദവിനെയും പുറത്തിരുത്തിയാണ് ബുംറയെ ഇറക്കിയത്. വിദേശത്ത് മികച്ച ബാറ്റിംഗ് ശരാശരിയുള്ള അജിങ്ക്യ രഹാനെയെ പുറത്തിരുത്തി ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയതും ചോദ്യം ചെയ്യപ്പെടുന്നു.
ധവാനു പകരം രാഹുല്‍
ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും ഷോട്ട്ബോളുകളില് പുറത്തായ ധവാനു പകരം രാഹുലിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതകള്‍ ശക്തമായി. ഇടതു-വലതു കൈ ബാറ്റ്സ്മാന്മാരായ ധവാന്-വിജയ് കൂട്ടുകെട്ടിനെ ഇറക്കാനാണ് ആദ്യ ടെസ്റ്റില്‍ രാഹുലിനെ പുറത്തിരുത്തിയത്. എന്നാല്‍ ഈ സഖ്യത്തിന് ഒന്നും ചെയ്യാനായില്ല. അതുകൊണ്ട് രാഹുല്‍ രണ്ടാം ടെസ്റ്റില്‍ വിജയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാനിറങ്ങും.
ഫീല്‍ഡിംഗിലും ധവാന് പരാജയമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ധവാന് എബി ഡി വില്യേഴ്സിന്റെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. ഇതെല്ലാംകൊണ്ടാണ് ധവാനുപകരം രാഹുലിന്റെ സാധ്യതകള്‍ ഉയരുന്നത്. ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ പരിചയസമ്പത്ത് വിജയ്ക്കായതിനാല് ധവാന് തന്നെയായിരിക്കും പുറത്തിരിക്കേണ്ടിവരുക.
രഹാനെയോ രോഹിതോ
വിദേശത്ത് രോഹിതിനെക്കാള്‍ മികവ് കൂടുതല്‍ രഹാനെയ്ക്കാണ്. 53.44 ആണ് രഹാനെയുടെ വിദേശത്തെ ബാറ്റിംഗ് ശരാശരി. ഇതെല്ലാമുണ്ടായിട്ടാണ് രഹാനെയെ പുറത്തിരുത്തി രോഹിതിനെ ടീമിലുള്‍പ്പെടുത്തിയത്. വെല്ലിംഗ്ടണ്‍, മെല്‍ബണ്‍, ലണ്ടന്‍, ജമൈക്ക, കൊളംബോ (രണ്ടു തവണ) എന്നിവിടങ്ങളിലെല്ലാം രാഹനെ സെഞ്ചുറി കുറിച്ചു. എന്നാല്‍ ഇന്ത്യയില്‍ 33.63 ആണ് ബാറ്റിംഗ് ശരാശരി. 2015ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഡല്‍ഹിയില്‍ രഹാനെ രണ്ട് സെഞ്ചുറി നേടിയിരുന്നു.
രഹാനെ ടെസ്റ്റില്‍ 64 തവണ പുറത്തായതില്‍ 35 എണ്ണം സ്പിന്നിനുമുന്നിലാണ്. എന്നാല്‍ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരേ നടന്ന കഴിഞ്ഞ ഹോം സീരീസുകളില്‍ ഫോമിലെത്താനാവത്തതാണ് രഹാനെയെ പുറത്തിരുത്തിയത്. അഞ്ച് ഇന്നിംഗ്സില്‍നിന്ന് ആകെ 17 റണ്‍സാണ് താരം നേടിയത്. രോഹിത് ശര്‍മയാണെങ്കില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയുമായി ഫോം തെളിയിച്ചു.
അതിനുശേഷം ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി, ട്വന്റി 20യില്‍ വേഗമേറിയ സെഞ്ചുറി എന്നിവയെല്ലാം നേടിയതോടെ നായകന് കോഹ്ലിക്കു രോഹിതിനെ പുറത്തിരുത്താന്‍ പറ്റാതായി. അടുത്തകാലത്തെ മത്സരങ്ങള്‍ നോക്കിയാല്‍ രോഹിതാണ് രാഹനെയെക്കാള് കൂടുതല്‍ മികവില്‍ ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റില്‍ ഒരവസരം കൂടി രോഹിതിനു നല്കാന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തയാറായേക്കും.
രഹാനെയ്ക്ക് ഇനിയും അവസരം നല്കണമെങ്കില് ആദ്യ ടെസ്റ്റില്‍ കളിപ്പിച്ച ഏക സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തണം. സെഞ്ചൂറിയനിലെ പിച്ച് കേപ് ടൗണിനേക്കാള്‍ കൂടുതല്‍ പേസിനെ തുണയ്ക്കുന്നതാണ്.
കെ.എല്‍. രാഹുല്‍ ടെസ്റ്റിൽ
മത്സരം- 21, ഇന്നിംഗ്സ്- 33, ഉയര്‍ന്ന സ്കോര്‍ -199 ആകെ റൺസ്- 1428,ശരാശരി -44.62, സെഞ്ചുറി -നാല്, അര്‍ധ സെഞ്ചുറി -10