ചെറുതുരുത്തി: നാലുകിലോ കഞ്ചാവുമായി ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപത്തുനിന്നും യുവതിയുൾപ്പെടെ രണ്ടുപേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ഇന്നുരാവിലെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ചാലക്കുടി ആളൂർ പാളയങ്കോട്ട്കാരൻ വീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ സൈനബ (48), മുള്ളൂർക്കര ആറ്റൂർ പത്മതീർഥം വീട്ടിൽ പത്മനാഭൻനായർ മകൻ സജിത്ത് (34) എന്നിവരെയാണ് ചെറുതുരുത്തി എസ്ഐ പി. പത്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കുന്നംകുളം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സിപിഒമാരായ ജയകൃഷ്ണൻ, ജോബ്, ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടുമാസത്തിനിടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നാലോളം കേസുകളാണ് ചെറുതുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.