വടക്കഞ്ചേരി: വീട്ടുമതിലിൽ ചുവന്ന മാർക്ക് അടയാളപ്പെടുത്തിയത് കവർച്ചക്കുള്ള ആസൂത്രണമാണെന്ന സംശയത്തിൽ പോലീസ് പരിശോധന നടത്തി. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് കരിപ്പാലിയിലാണ് സംഭവം. വീടിന്റെ മതിലിലാണ് ചുവന്ന മാർക്ക് അടയാളപ്പെടുത്തിയിട്ടുള്ളത് .
മണ് ഇഷ്ടിക കൊണ്ടോ ചായം കൊണ്ടോ ആണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സംശയം തോന്നി ജില്ലാ പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ഇടക്കിടെ ഇവിടെ പോലീസ് നിരീക്ഷണമുണ്ട്.
ഒറ്റപ്പെട്ട ഈ വീട് സംസ്ഥാന പാതയിൽ നിന്നും അധികം ദൂരത്തല്ല.കൂടാതെ കരിപ്പാലിപുഴപ്പാലം പരിസരം മദ്യപസംഘങ്ങളുടെ താവളമാണ്. മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ തെരുവ് വിളക്കുകളും ഇല്ല. ഇതിനാൽ മോഷ്ടാക്കൾക്കും ഇവിടെ ഒളിസങ്കേതങ്ങളാണ്.
കവർച്ചകൾക്ക് മുന്പ് വീടുകളുടെ ചുമരുകളിലോ മതിലിലോ ഇത്തരത്തിൽ മാർക്ക് ചെയ്യുമെന്ന സന്ദേശങ്ങളും മൊബൈലിലും മറ്റും പ്രചരിച്ചിരുന്നു. ഇതിനാലാണ് പോലീസും കൂടുതൽ ജാഗ്രത പുലർത്തുന്നത്. കവർച്ചാസംഘങ്ങൾ വ്യാപകമായിട്ടുള്ളതിനാൽ വീട്ടുക്കാർ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പുകളുമുണ്ട്.