തൃശൂർ പൂരം ഒപ്പിയെടുത്ത് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി അഭിനയിച്ച “സൗണ്ട് സ്റ്റോറി’ സിനിമയുടെ ഓഡിയോ പുറത്തിറക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30നു തൃശൂരിലെ തിരുവമ്പാടി കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഓഡിയോ മമ്മൂട്ടി പ്രകാശനം ചെയ്യും. റസൂൽ പൂക്കുട്ടി അടക്കം സിനിമയിലെ പ്രവർത്തകരും സാംസ്കാരിക നായകരും പങ്കെടുക്കും.
നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക ശബ്ദ റിക്കാർഡിംഗ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെ റിക്കാർഡിംഗിനു നേതൃത്വം നല്കിയ റസൂൽ പൂക്കുട്ടി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. അന്ധർക്കും പൂരം അനുഭവവേദ്യമാക്കുമെന്നാണ് സിനിമയുടെ പ്രത്യേകതയായി നായകൻ റസൂൽ പൂക്കുട്ടി വിശദീകരിക്കുന്നത്. ആഗോള സംരംഭമായ പാംസ്റ്റോണ്‍ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനയ്ക്കൽ നിർമിച്ച സിനിമയ്ക്കു രചനയും സംവിധാനവും നിർവഹിച്ചത് പ്രസാദ് പ്രഭാകർ ആണ്.
മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമാണം പൂർത്തിയാക്കിയ “സൗണ്ട് സ്റ്റോറി’ സിനിമ വൈകാതെതന്നെ തിയറ്ററുകളിലെത്തും. ഇംഗ്ലീഷ് പതിപ്പ് വിദേശരാജ്യങ്ങളിലും ആർക്കൈവ്സിലും ലഭ്യമാക്കും.
“ഒരു കഥൈ ശൊല്ലട്ടുമാ’ എന്നാണു തമിഴ് പതിപ്പിന്റെ പേര്. സിനിമയിൽ ഉൾപ്പെടുത്തിയ ഗാനങ്ങളുടെ ഓഡിയോ സിഡിയുടെ പ്രകാശനം നവംബറിൽ ചെന്നൈയിൽ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ നിർവഹിച്ചിരുന്നു. സംവിധായകൻ ശങ്കറും ചടങ്ങിൽ പങ്കെടുത്തു. സോണി കമ്പനിയാണ് ഗാനങ്ങളുടെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മലയാളം സിനിമയിൽ സോണി ഏറ്റെടുത്ത ചലച്ചിത്ര ഗാനങ്ങൾ വളരെ അപൂർവമാണ്.