മുക്കം: നന്മയുടെ പുതിയ മാതൃക തീര്‍ക്കുകയാണ് ഒരു പറ്റം ഓട്ടോ തൊഴിലാളികള്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോടെന്ന ഗ്രാമത്തിലെ 30 ഓളം വരുന്ന ഓട്ടോ തൊഴിലാളികളാണ് സഹജീവി സ്നേഹത്തിന് പുത്തന്‍ മാതൃക തീര്‍ക്കുന്നത്. ഓരോ മാസവും തങ്ങളുടെ ഒരു ദിവസത്തെ വേതനം അശരണര്‍ക്കും നിര്‍ധന രോഗികള്‍ക്കും നല്‍കുമെന്ന തീരുമാനമാണ് ഇവര്‍ എടുത്തത്.
അന്നന്നത്തെ അന്നത്തിന് വേണ്ടി ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് മിച്ചംവയ്ക്കാന്‍ കാര്യമായൊന്നും ഉണ്ടാവുകയില്ല എന്നതാണ് സത്യം. എന്നാലും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ നിസഹായത മനസിലാക്കിയാണ് ഈ തൊഴിലാളികള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. സാധാരണക്കാരന്റെ വണ്ടി എന്നറിയപ്പെടുന്ന ഓട്ടോയില്‍ ദിവസവും കയറു ന്നവരുടെ മനസലിയിക്കുന്ന കഥകള്‍ കേട്ടതും ഇത്തരമൊരു തീരുമാനത്തിന് പിന്നിലുണ്ട്.
പന്നിക്കോട് പൊലുകുന്നത്ത് വിജയന് എന്ന വൃക്കരോഗിക്കായാണ് ഇന്നലെ പന്നിക്കോട്ടെ 30 ഓളം ഓട്ടോകള്‍ സര്‍വീസ് നടത്തിയത്. ഓട്ടോ തൊഴിലാളികളുടെ ഈ നല്ല മനസ് കണ്ടറിഞ്ഞ യാത്രക്കാരും ഇവരെ കയ്യയച്ച് സഹായിച്ചു.തുച്ഛമായ വരുമാനം കൊണ്ട് തങ്ങളുടെ കുടുംബത്തിന്റെ പട്ടിണി മാറ്റുന്ന ഈ തൊഴിലാളികള്‍ ഒരോ മാസവും ഒരു ദിവസം മറ്റൊരു കുടുംബത്തിനും കൈതാങ്ങാകുകയെന്നത് സമൂഹത്തിന് ഒരു മാതൃക തന്നെയാണ്.