മറയൂർ: മറയൂർ സെന്റ് മേരീസ് പള്ളിവികാരിയെ മയക്കുമരുന്നുനൽകി മയക്കി കവർച്ചനടത്തിയ കേസിൽ ജീവരസതന്ത്രജ്ഞൻ (ബയോ കെമിസ്റ്റ്) അറസ്റ്റിൽ. പുതുച്ചേരി മറമലനഗർ ബൽറാംപേട്ട് സ്വദേശി അരുണ്‍ കുമാർ(26) നെയാണ് മറയൂർ പോലീസ് പുതുച്ചേരിയിൽനിന്നും അറസ്റ്റുചെയ്തത്. ഇയാളോടൊപ്പം മോഷണത്തിൽ പങ്കാളിയായ തിരുവണ്ണാമല സ്വദേശി ഡോ. യശ്വന്ത്(25) നായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കഴിഞ്ഞ ഒക്ടോബർ 24-ന് രാത്രി വിജയപുരം രൂപതയുടെ കീഴിലുള്ള മറയൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിവികാരിയുടെ മുറിയിലാണ് കവർച്ച നടത്തിയത്. പള്ളിവികാരി ഫാ. ഫ്രാൻസിസ് നെടുംപറന്പിലിനെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകി മയക്കിയശേഷം പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും ലാപ്പ് ടോപ്, നോട്ട്പാട്, കാമറ എന്നിവയാണ് മോഷ്ടിച്ചത്. അടുത്തദിവസം രാവിലെ കുർബാനക്കെത്തിയ ഇടവകാംഗങ്ങളാണ് പള്ളിവികാരി ബോധരഹിതനായി കിടക്കുന്നതുകണ്ടത്.
തുടർന്ന് വികാരിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയോപ്പാഴാണ് വിവരങ്ങൾ അറിയുന്നത്.ബംഗളുരുവിലെ സെന്റ് ജോണ്‍സ് മെഡിക്കൽ കോളജ് ചർച്ച് ചാപ്പലിൽ സേവനമനുഷ്ഠിക്കുന്നതിനിടെ പരിചയപ്പട്ട ഹേമന്ദ്, സുദേവ് എന്നീ യുവാക്കൾ സംഭവദിവസത്തിനു തലേന്ന് പള്ളിയിൽ അതിഥികളായി താമസിച്ചിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മറയൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി കാമറയിൽ യുവാക്കൾ പുലർച്ചെ മൂന്നരയ്ക്ക് ബാഗുമായി കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിൽ മറയൂരിൽനിന്നും ഓട്ടോറിക്ഷയിൽ തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പോയതായും വിവരം ലഭിച്ചു. പിന്നീട് യാതൊരു തുന്പുമില്ലാതിരുന്ന കേസിൽ ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ മറയൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പലഘട്ടങ്ങളിലും വഴിമുട്ടി.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ് ബുക്ക്, വാട്സാപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാർഥ കുറ്റവാളികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ അഞ്ചുദിവസമായി ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ക്യാന്പു ചെയ്ത് അന്വേഷണം നടത്തിയാണ് സുദേവ് എന്നപേരിൽ മറയൂരിലെത്തിയ അരുണ്‍കുമാർ എന്ന ജീവരസതന്ത്രജ്ഞനെ പിടികൂടിയത്.
മറയൂർ എസ്ഐ ജി. അജയകുമാർ, അഡീഷണൻ എസ്ഐ ടി.ആർ. രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോളി ജോസഫ്, ടി.എം. അബാസ്, ഉമേഷ് ഉണ്ണി, കെ.സി. ബിജുമോൻ, ടോമി ജോസഫ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറയൂർ സെന്റ് മേരീസ് പള്ളിയിലെത്തിച്ച് തെളിവെടുപ്പുനടത്തിയശേഷം പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.