സെഞ്ചൂറിയന്‍: ഈ മത്സരം ജയിച്ച് പരമ്പരയില്‍ നിലനില്ക്കുകയെന്ന ലക്ഷ്യമാണ് ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ നായകന് വിരാട് കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സെഞ്ചൂറിയനില്‍ ആരംഭിക്കും.
കേപ് ടൗണ്‍ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ പരമ്പരയില്‍ മുന്നിലാണ്. ആ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ബാറ്റിംഗിലും ഫീല്‍ഡിംഗിലും തിരിച്ചുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേപ്ടൗണില്‍ ജയിക്കാവുന്ന സ്കോറായിട്ടുപോലും ഇന്ത്യന്‍ സംഘം ആരാധകര്‍ക്ക് ആശ നല്‍കിയശേഷം വെറോണ്‍ ഫിലാന്‍ഡര്‍ നയിച്ച ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.
ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. അവര്‍ നല്കിയ മുന്‍തൂക്കം വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ ബാറ്റിംഗ് നിരയ്ക്കായില്ല. കഴിഞ്ഞ കളിയില്‍ സംഭവിച്ച പാളിച്ചകളെല്ലാം പരിഹരിച്ച് പുതിയ തുടക്കത്തിനാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്.
തുടര്‍ച്ചയായ ഹോം സീരീസുകള്ക്കുശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് കോഹ് ലിയുടെ സംഘം ദക്ഷിണാഫ്രിക്കയിലിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യം മനസിലാക്കാനുള്ള സമയം ഇന്ത്യക്കു ലഭിച്ചില്ല.
ഇന്ത്യന്‍ ടീം ഒരു പരിശീലന മത്സരം പോലും കളിക്കാതെയാണ് കേപ് ടൗണിലിറങ്ങിയത്. തയാറെടുപ്പിന്റെ കുറവ് ഇന്ത്യയുടെ ബാറ്റിംഗില്‍ നിഴലിക്കുകയും ചെയ്തു. കേപ് ടൗണിലെ മത്സരത്തിലൂടെ ഇന്ന് തുടങ്ങുന്ന മത്സരത്തിന് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് ഇപ്പോള്‍ കോഹ്ലിക്കും സംഘത്തിനും മനസിലായിട്ടുണ്ടാകും.
ടീം അഴിച്ചുപണിയും
ബാറ്റിംഗ് കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പാകും ഇന്ത്യ നടത്തുക. അതുകൊണ്ട് ടീമില്‍ പല അഴിച്ചുപണികള്‍ക്കും തയാറായേക്കും. ഓപ്പണര്‍മാരായ മുരളി വിജയ്യും ശിഖര്‍ ധവാനും കഴിഞ്ഞ മത്സരത്തില്‍ പരാജയമായിരുന്നു. അതുകൊണ്ട് ധവാനെ മാറ്റി പകരം കെ.എല്‍. രാഹുലിനെ വിജയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങുമെന്നാണ് റിപ്പോ ർട്ടുകൾ.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ രണ്ടു പരമ്പരയില്‍ പങ്കെടുത്തിട്ടുണ്ടെന്ന ആനുകൂല്യമാണ് വിജയ്ക്ക്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യവുമായി വിജയ്ക്ക് കൂടുതല്‍ ഇണങ്ങാനാകുമെന്ന വിശ്വാസംമൂലമാണ് താരത്തിനെ പുറത്തിരുത്തണമെന്ന മുറവിളി ഉയരാത്തത്.
എക്സ്ട്രാ ബാറ്റ്സ്മാനായി അജിങ്ക്യ രഹാനെയെ ഇറക്കണമെങ്കില്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തേണ്ടിവരും. കഴിഞ്ഞ മത്സരത്തില്‍ രഹാനെയ്ക്കു പകരം രോഹിത് ശര്‍മയെ ടീമിലുള്‍പ്പെടുത്തി. വിദേശത്ത് കൂടുതല്‍ മികവ് രഹാനെയ്ക്കാണ്. എന്നാല്‍ ഇന്ത്യയുടെ കഴിഞ്ഞ ഹോം സീരീസുകളില്‍ രോഹിത് പുറത്തെടുത്ത മികവിലാണ് കോഹ്ലിയുടെ വിശ്വാസം. സെഞ്ചൂറിയനിലെ സാഹചര്യത്തില്‍ സ്പിന്നർ അശ്വിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാര്യമാണ് രഹാനെയ്ക്കു സാധ്യതകള്‍ തെളിയുന്നത്.
വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹ യ്ക്കു പകരം പാർഥിവ് പട്ടേലിനും അവസരം നൽകിയേക്കും. കോഹ്ലിയും പൂജാരയും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്കു സെഞ്ചൂറിയനില്‍ പ്രതീക്ഷ നിലനിര്‍ത്താം.
പേസർമാർക്ക് അനുകൂലം
കേപ് ടൗണില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആ പേസ് നിരയിലേക്കു പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മകൂടി ചേര്‍ന്നാല്‍ കൂടുതല്‍ ശക്തമാകും. ഇഷാന്തിന്റെ ഉയരം സെഞ്ചൂറിയനിലെ സാഹചര്യത്തില്‍ ഗുണകരമാണ്. ഇന്ത്യയുടെ പേസ് നിരയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര പതറിയിരുന്നു. സെഞ്ചൂറിയനില്‍ പേസ് കൂടുതല്‍ ശക്തമായാല്‍ ആതിഥേയര്‍ റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടും.
സെഞ്ചൂറിയനിലെ പിച്ച് ബൗണ്‍സിനെ കേപ്ടൗണിനെക്കാള് കൂടുതല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇഷാന്തിനും ഷാമിക്കും ഈ സാഹചര്യം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമാകും.