ന്യൂഡൽഹി: തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് ഇനി ഉപയോഗിക്കാൻ കഴിയില്ല. പാസ്പോർട്ടിൽ മേൽവിലാസം രേഖപ്പെടുത്തിയിട്ടുള്ള അവസാന പേജ് ഉപേക്ഷിച്ച് പുതിയ പാസ്പോർട്ട് ബുക്കുകൾ അടിക്കാനാണ് തീരുമാനം. അവസാന പേജിൽ പിതാവ്, മാതാവ്, ഭർത്താവ്/ഭാര്യ, വിലാസം എന്നീ വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, പഴയ പാസ്പോർട്ടുകൾ റദ്ദാക്കപ്പെടില്ല. കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കിയാൽ മതി. പുതുക്കുന്പോൾ പുതിയ ഡിസൈനിലുള്ള, അവസാന പേജ് ഇല്ലാത്ത പാസ്പോർട്ടായിരിക്കും നല്‍കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയിലെ മൂന്ന് അംഗ കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് പാസ്പോർട്ടിലെ പുതിയ പരിഷ്കാരം. പാസ്പോർട്ടിൽ പിതാവിന്റെ പേര് രേഖപ്പെടുത്തുന്പോഴുള്ള പ്രശ്നങ്ങൾ വിലയിരുത്തിയാണ് പുതിയ തീരുമാനം. ഒരു രക്ഷാകർത്താവുള്ള അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് പാസ്പോർട്ടിലെ പിതാവിന്റെ പേരുള്ള കോളം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.
നാസികിലുള്ള ഇന്ത്യൻ സെക്യൂരിറ്റി പ്രസിലാണ് പുതിയ ഡിസൈനിലുള്ള പാസ്പോർട്ട് ബുക്ക്ലെറ്റുകൾ അച്ചടിക്കുക.